എം.ജി.യില്‍ വിദ്യാര്‍ഥിനികള്‍ക്ക് 60 ദിവസം പ്രസവാവധി; അവധിക്കുശേഷം സ്വന്തം ബാച്ചിനൊപ്പം പഠനം തുടരാം
കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് പ്രസവാവധി അനുവദിച്ച് അധികൃതർ. 60 ദിവസത്തെ പ്രസവാവധിയാണ് അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്.
കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല പരീക്ഷ എഴുതാൻ തടസ്സം വരാത്തരീതിയിൽ വിദ്യാർഥിനികൾക്ക് പ്രസവാവധി അനുവദിക്കുന്നതെന്ന് പ്രോ വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദകുമാർ പറഞ്ഞു.

സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ഡിഗ്രി, പി.ജി., ഇന്റഗ്രേറ്റഡ്, പ്രഫഷണൽ കോഴ്സുകൾ (നോൺ ടെക്നിക്കൽ) എന്നിവയിലെ 18 വയസ്സുകഴിഞ്ഞ വിദ്യാർഥിനികൾക്കാണ് അറുപത് ദിവസത്തെ പ്രസവാവധി അനുവദിക്കുക. പ്രസവത്തിനു മുൻപോ ശേഷമോ ഈ അവധി എടുക്കാം.
പൊതുഅവധി ദിവസങ്ങളും സാധാരണ അവധി ദിവസങ്ങളും ഉൾപ്പെടെയായിരിക്കും അവധിയുടെ കാലയളവ് കണക്കാക്കുക. ഗർഭഛിദ്രം, ഗർഭാലസ്യം, ട്യൂബക്ടമി തുടങ്ങിയ സാഹചര്യങ്ങളിൽ 14 ദിവസത്തെ അവധി അനുവദിക്കും. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ആർ. അനിത, ഡോ. എസ്. ഷാജില ബീവി, ഡോ. ബിജു പുഷ്പൻ, ഡോ. ജോസ് എന്നിവരടങ്ങിയ കമ്മിഷനാണ് പ്രസവാവധി സംബന്ധിച്ച ശുപാർശ സമർപ്പിച്ചത്.
ആദ്യത്തെയോ രണ്ടാമത്തെയോ ഗർഭധാരണത്തിനു മാത്രമാണ് അവധി അനുവദിക്കുക. രജിസ്ട്രേറ്റ് മെഡിക്കൽ പ്രാക്ടീഷണറുടെ സാക്ഷ്യപത്രം ഹാജരാക്കുന്നവർക്ക് അവധി അനുവദിക്കാം. പ്രസവാവധി ആരംഭിക്കുന്ന തീയതിക്ക് കുറഞ്ഞത് മൂന്നു ദിവസം മുൻപ് അപേക്ഷ നൽകണം. സെമസ്റ്ററിനിടയിൽ പ്രസവ അവധി എടുക്കുന്നവരെ അതേ സെമസ്റ്ററിന്റെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിക്കും.
ഇതേ പരീക്ഷ അടുത്ത സെമസ്റ്ററിൽ റെഗുലർ വിദ്യാർഥികൾക്കൊപ്പം സപ്ലിമെന്ററിയായി എഴുതാനും ആവും. പ്രസവാവധിക്കുശേഷം സ്വന്തം ബാച്ചിനൊപ്പം നിലവിലെ സെമസ്റ്ററിൽ പഠനം തുടരാം.
90 പ്രവൃത്തി ദിനങ്ങളുള്ള ഒരു സെമസ്റ്ററിൽ പരീക്ഷയെഴുതണം എങ്കിൽ 75 ശതമാനം ഹാജർ വേണം എന്നാണ് ചട്ടം. പി.ജി.ക്ക് പഠിക്കുന്ന പല വിദ്യാർഥിനികൾക്കും ഗർഭകാലത്തും പ്രസവ കാലത്തും ഹാജർ നഷ്ടമായി പരീക്ഷയെഴുതാൻ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു. ഇത്തരത്തിൽ പലർക്കും കോഴ്സ് മുഴുവനാക്കാൻ കഴിയാതെപോകുന്ന സാഹചര്യം വന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരത്തിൽ തീരുമാനം എടുത്തത്..












Click it and Unblock the Notifications