കോട്ടയം ജില്ലയിലെ നഗരസഭകളില്‍ നാല് വാര്‍ഡുകള്‍ കൂടും; ചങ്ങനാശ്ശേരിയിലും പാലയിലും മാറ്റമില്ല
കോട്ടയം: നഗരസഭകളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങിയതോടെ കോട്ടയം ജില്ലയില്‍ നാല് വാര്‍ഡുകള്‍ കൂടി വര്‍ധിക്കും. ആകെ ആറ് നഗരസഭകളാണ് കോട്ടയം ജില്ലയില്‍ ഉള്ളത്. എന്നാല്‍ ചങ്ങനാശ്ശേരി, പാലാ നഗരസഭകളില്‍ വാര്‍ഡുകളുടെ എണ്ണം കൂടുന്നില്ല. മറ്റ് നാല് നഗരസഭകളില്‍ ഒരോ വാര്‍ഡുകള്‍ വീതം വര്‍ധിക്കും. കോട്ടയം, ഏറ്റുമാനൂര്‍, വൈക്കം, ഈരാറ്റുപേട്ട നഗരസഭകളിലാണ് ഒരോ വാര്‍ഡുകള്‍ വര്‍ധിക്കുന്നത്.
വാര്‍ഡ് പുനര്‍വിഭജനത്തിനോടെ കോട്ടയം നഗരസഭയിലെ വാര്‍ഡുകളുടെ എണ്ണം 53 ആകും. ഏറ്റുമാനൂര്‍- 36, ഈരാറ്റുപേട്ട- 29, വൈക്കം- 27 എന്നിങ്ങനെയായിരിക്കും മറ്റ് നഗരസഭകളിലെ ആകെ വാര്‍ഡുകളുടെ എണ്ണം. സ്ത്രീകള്‍ക്കും പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കുമുള്ള സംവരണ വാര്‍ഡുകളുടെ എണ്ണവും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പുതുക്കിയിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ എണ്ണം പുനര്‍നിശ്ചയിച്ച് നേരത്തെ തന്നെ വിജ്ഞാപനം ഇറക്കിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് നഗരസഭകളുടെ വാര്‍ഡുകളും പുനര്‍വിഭജിച്ചത്. പുതിയ വിജ്ഞാപനം അനുസരിച്ച് അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ മാത്രം 1577 ജനപ്രതിനിധികള്‍ പുതുതായി ഉണ്ടാകും. സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലായി 1375 വാര്‍ഡുകളാണ് പുതുതായി രൂപപ്പെടുന്നത്. ആകെ 15962 വാര്‍ഡുകള്‍ ഉണ്ടായിരുന്നത് 17337 ആകും..
152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍ 2267 എണ്ണമായി വിവിധ ജില്ലാ പഞ്ചായത്തുകളില്‍ 15 ഡിവിഷനുകളും കൂടും. തിരുവനന്തപുരത്ത് രണ്ടും മറ്റ് ജില്ലകളില്‍ ഓരോ ഡിവിഷനുമാണു വര്‍ധിക്കുക എന്നാണ് വിജ്ഞാപനം വ്യക്തമാക്കുന്നത്. 2011 ലെ സെന്‍സസിനെ അടിസ്ഥാനമാക്കി ജനപ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു വാര്‍ഡ് പുനര്‍വിഭജനം. വിജ്ഞാപനം പുറത്തിറങ്ങിയതിനാല്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം കമ്മീഷന്‍ വിളിച്ചുകൂട്ടി വാര്‍ഡ് വിഭജന നടപടികളിലേക്ക് കടക്കും.












Click it and Unblock the Notifications