കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം; 'മലപ്പുറം' ഹോട്ടലിലെ ചീഫ് കുക്ക് അറസ്റ്റില്‍
കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തില്‍ മലപ്പുറം കുഴിമന്തി ഹോട്ടലിലെ ചീഫ് കുക്ക് അറസ്റ്റില്‍. മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ് അറസ്റ്റിലായത്. മലപ്പുറം കാടാമ്പുഴയില്‍ നിന്നും ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. സംക്രാന്തിയിലെ മലപ്പുറം ഹോട്ടലിലെ അല്‍ഫാം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റാണ് നഴ്‌സ് മരണപ്പെട്ടത്.
പ്രതിക്കെതിരെ നരഹത്യകുറ്റം ചുമത്തി. ഇയാളെ ഏറ്റുമാനൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കാടാമ്പുഴയില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. മരണം സംഭവിച്ച് ഒരാഴ്ച കഴിയുമ്പോഴാണ് അറസ്റ്റ് ഉണ്ടാകുന്നത്. ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ട രശ്മി രാജ് ഭക്ഷണം കഴിച്ചത് 'മലപ്പുറം കുഴിമന്തി' എന്ന ഹോട്ടലില്‍ നിന്നുതന്നെയാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 28ന് ആണ് രശ്മി ഈ ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും കഴിച്ചത്. തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച രശ്മി ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 21 പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. സംസ്ഥാന തലത്തില്‍ അപ്രതീക്ഷിത പരിശോധനകള്‍ക്കായി പ്രത്യേക സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സംസ്ഥാനത്തെ ഏത് ഭാഗത്തും ഈ ടാസ്‌ക് ഫോഴ്സിന് പരിശോധന നടത്താനാകും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ ടീമിന്റെ ഭാഗമാകും.
സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അത് കമ്മീഷണര്‍ കണ്ട് മാത്രമേ പുന:സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ പാടുള്ളൂ. കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തണം. രാത്രികാലങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍, തട്ടുകടകള്‍ എന്നിവ കേന്ദ്രീകരിച്ച് കൃത്യമായി പരിശോധനകള്‍ നടത്തണം.
ഒന്നിച്ച് കൂടുതല്‍ ശക്തമായി മുന്നോട്ട് പോകണം. പരിശോധനകളും പ്രോസിക്യൂഷന്‍ നടപടികളും ഭയരഹിതമായി നടത്തണം. പരിശോധനകള്‍ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കണം. ശരിയായ രീതിയില്‍ ജോലി ചെയ്യുന്ന എല്ലാ ജിവനക്കാര്‍ക്കും സര്‍ക്കാരിന്റെ പരിരക്ഷയുണ്ടാകും. പരാതി ലഭിക്കുമ്പോള്‍ കൃത്യമായ നടപടി സ്വീകരിക്കണം. നിയമം ദുരുപയോഗം ചെയ്യരുത്. മുന്‍കൂട്ടിയറിയാക്കാതെ പരിശോധനകള്‍ ഉറപ്പാക്കണം. പോലീസ് സംരക്ഷണം ആവശ്യമെങ്കില്‍ തേടുക.












Click it and Unblock the Notifications