കോട്ടയത്ത് വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു
കോട്ടയം: കോട്ടയത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ 19 - കാരിയാണ് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയോടെ മരിച്ചത്. ഇവരുടെ സുഹൃത്തായ 19 കാരിയായ വെള്ളൂര്‍ സ്വദേശിനി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ചൊവ്വാഴ്ച വൈകിട്ടാണ് സുഹൃത്തുക്കളായ രണ്ട് പേരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്വന്തം വീടുകളില്‍ വെച്ച് ഇരുവരും വിഷക്കായ കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വീട്ടുകാര്‍ വഴക്ക് പറഞ്ഞതിലുള്ള മാനസിക വിഷമമാണ് ജീവനൊടുക്കാന്‍ കാരണം എന്നാണ് പൊലീസ് നല്‍കുന്ന സൂചന. സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടികള്‍ പരിചയപ്പെട്ടിരുന്നത്. ഇരുവരും ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോ അപ് ലോഡ് ചെയ്തിരുന്നു.
പിന്നീട് ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോകള്‍ക്കായി ഇരുവരും ഒന്നിച്ച് വിവിധ സ്ഥലങ്ങളില്‍ സഞ്ചരിക്കുകയും പതിവായിരുന്നു. ഇത് വീട്ടുകാര്‍ വിലക്കിയിരുന്നു. ഇതോടെ ഇരുവരും വിഷമത്തിലായി. ഇതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ വഴക്ക് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വീട്ടുകാര്‍ വഴക്ക് പറഞ്ഞ മനോവിഷമത്തില്‍ തിങ്കളാഴ്ചയാണ് വെള്ളൂര്‍ സ്വദേശിനി ഒതളങ്ങ കഴിച്ചത്. തുടര്‍ന്ന് വിവരം ബന്ധുക്കളെ അറിയിക്കുകയും, ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് വീണ്ടും ശാരീരിക അസ്വസ്ഥത തോന്നുകയും ഉടന്‍ ആശുപത്രിയിലാക്കുകയും ആയിരുന്നു.
ഇതിനിടെ വിവരം അറിഞ്ഞ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടി ഇന്നലെ രാത്രി വിഷക്കായ കഴിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ കുട്ടി ആണ് ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച വെള്ളൂര്‍ സ്വദേശിനി നേരത്തെ പോക്സോ കേസിലെ ഇരയായിരുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
എന്നാല്‍ ഈ കേസുമായി ആത്മഹത്യാ ശ്രമത്തിന് ബന്ധമില്ല എന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് ആത്മഹത്യ എന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളുടെ ബന്ധുക്കളില്‍ നിന്ന് വിശദമായ മൊഴിയെടുത്ത് വരികയാണ് എന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications