കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി; ഗതാഗത നിയന്ത്രണം ഇങ്ങനെ
കോട്ടയം: കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച (ജൂലൈ 20) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌ക്കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിക്ക് ആദര സൂചകമായി കോട്ടയം നഗരത്തില്‍ നാളെ കട മുടക്കം ആയിരിക്കുമെന്ന് മര്‍ച്ചന്റ്സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. അതേസമയം ഹോട്ടലുകളും ബേക്കറികളും മെഡിക്കല്‍ ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും. വിലാപയാത്രയുടേയും പൊതുദര്‍ശനത്തിന്റേയും സംസ്‌കാര ചടങ്ങുകളുടേയും പശ്ചാത്തലത്തില്‍ നാളെ പുതുപ്പള്ളിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതുപ്പള്ളിയില്‍ രാവിലെ 6.00 മുതല്‍ ആണ് പൊലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തെങ്ങണയില്‍ നിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചിങ്ങവനം വഴി പോകണം എന്ന് പൊലീസ് അറിയിച്ചു. തെങ്ങണയില്‍ നിന്നു മണര്‍കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നും കൈതേപ്പാലം വേട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിയണം.
ശേഷം ഐ എച്ച് ആര്‍ ഡി ജംഗ്ഷനില്‍ എത്തി മണര്‍കാട് പോകുക. മണര്‍കാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഐ എച്ച് ആര്‍ ഡി ജംഗ്ഷനില്‍ നിന്നും വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണയിലേക്ക് പോകണം. കറുകച്ചാല്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൈതേപ്പാലം വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഐ എച്ച് ആര്‍ ഡി ജംഗ്ഷനില്‍ എത്തി വേണം മണര്‍കാട് പോകാന്‍.
കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐ എച്ച് ആര്‍ ഡി ജംഗ്ഷനില്‍ നിന്നും വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി വേണം പോകാന്‍. കഞ്ഞിക്കുഴി നിന്നും കറുകച്ചാല്‍ ഭാഗത്തേക്ക് പോകുന്നവര്‍ പുതുപ്പള്ളി ഐ എച്ച് ആര്‍ ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തണം. ശേഷം കൈതേപ്പാലം വഴി പോകാം.
സംസ്‌കാര ചടങ്ങുകള്‍ക്കും പൊതുദര്‍ശനത്തിനുമായി പുതുപ്പള്ളിയില്‍ വരുന്ന വാഹനങ്ങള്‍ എരമല്ലൂര്‍ചിറ മൈതാനം, പാഡി ഫീല്‍ഡ് ഗ്രൗണ്ട് (വെക്കേട്ടുചിറ), ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂള്‍, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുതുപ്പള്ളി, ഡോണ്‍ ബോസ്‌കോ സ്‌കൂള്‍, നിലയ്ക്കല്‍ പള്ളി മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.












Click it and Unblock the Notifications