പാല പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ച ആനകള്‍ ഇടഞ്ഞു
കോട്ടയം: കോട്ടയം ജില്ലയിലെ പാല പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ച ആനകള്‍ ഇടഞ്ഞു. എഴുന്നള്ളത്ത് കഴിഞ്ഞ് മടങ്ങവേയാണ് രണ്ട് ആനകള്‍ ഇടഞ്ഞത്. കാളകുത്തന്‍ കണ്ണന്‍, ഉണ്ണിപ്പള്ളി ഗണേശന്‍ എന്നീ ആനകളാണ് ഇടഞ്ഞത്. ഉണ്ണിപ്പള്ളി ഗണേശന്‍ ഇടയുന്നത് കണ്ട് കാളകുത്തന്‍ കണ്ണന്‍ വിരണ്ട് ഓടുകയായിരുന്നു. ഇത് പ്രദേശത്ത് ആകെ പരിഭ്രാന്ത്രി പരത്തി. ഞായറാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
ആനകളെ കുളിപ്പിക്കുന്നതിനിടെ ആദ്യം ഉണ്ണിപ്പള്ളി ഗണേശനാണ് വിരണ്ട് ഓടിയത്. പാപ്പാന്മാരും നാട്ടുകാരും ഉടന്‍ തന്നെ ഓടി എത്തി ഉണ്ണിപ്പള്ളി ഗണേശനെ തളയ്ക്കാനുള്ള ശ്രമം നടത്തി. ഇതിനിടെയാണ് വിരണ്ടു പോയ കാളകുത്തന്‍ കണ്ണന്‍ മറ്റൊരു വഴിയ്ക്ക് ഓടിയത്. ഇതോടെ പ്രദേശവാസികളും പരിഭ്രാന്തരായി. മദപ്പാടിനെ തുടര്‍ന്ന് കെട്ടിയിരുന്ന കാളകുത്തന്‍ കണ്ണനെ ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് അഴിച്ചിരുന്നത്.

ഉണ്ണിപ്പള്ളി ഗണേശനെ അല്‍പ സമയത്തിനുള്ളില്‍ തന്നെ പാപ്പാന്‍മാര്‍ക്ക് തളയ്ക്കാന്‍ സാധിച്ചിരുന്നു. ആനകളെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് എത്തിച്ച ശേഷമാണ് പാപ്പാന്മാരും നാട്ടുകാരും ചേര്‍ന്ന് ഉണ്ണിപ്പള്ളി ഗണേശനെ തളച്ചത്. ഇതിന് പിന്നാലെയാണ് സമീപത്തെ കാട്ടിലേക്ക് കാളകുത്തന്‍ കണ്ണന്‍ ഓടിക്കയറിയത്. പിന്നീട് കാളകുത്തന്‍ കണ്ണനേയും പാപ്പാന്മാര്‍ ചേര്‍ന്ന് തളയ്ക്കുകയായിരുന്നു.
തൃശൂര്‍ പൂരത്തിനൊക്കെ പങ്കെടുക്കുന്ന ആനകളാണ് കാളകുത്തന്‍ കണ്ണനും ഉണ്ണിപ്പിള്ളി ഗണേശനും. തിരുവമ്പാടിക്കാരുടെ ഭാഗത്തായിരുന്നു 2019 ലെ തൃശൂര്‍ പൂരത്തിന് ഉണ്ണിപ്പള്ളി ഗണേശന്‍ പങ്കെടുത്തത്. പാറമേക്കാവ് ഭാഗത്ത് ആയിരുന്നു ഇതേ പൂരത്തിന് കാളകുത്തന്‍ കണ്ണന്‍ അണിനിരന്നത്. 2012 ല്‍ നടന്ന കൂടല്‍ മാണിക്യ ക്ഷേത്രം ആറാട്ടിനിടെ കാളകുത്തന്‍ കണ്ണന്‍ ഇടഞ്ഞിരുന്നു. കോട്ടയം ജില്ലയിലെ ഒരു പ്രധാന ശിവക്ഷേത്രമാണ് പുലിയന്നൂര്‍ മഹാദേവ ക്ഷേത്രം.
പാലായില്‍ നിന്നും 3 കിലോമീറ്റര്‍ പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ ഉത്സവം വളരെ പ്രശസ്തമാണ്. കൊടിയേറ്റോടെ ഉത്സവം ആരംഭിച്ച് ശിവരാത്രി ആഘോഷിക്കുന്ന കോട്ടയം ജില്ലയിലെ പ്രധാന ക്ഷേത്രമാണ് പുലിയന്നൂര്‍ മഹാദേവ ക്ഷേത്രം. ഊരാണ്മ ഭരണ സമിതിയുടെ അധീനതയിലാണ് ക്ഷേത്രം. ശിവരാത്രിയോടനുബന്ധിച്ചുള്ള ക്ഷേത്രത്തിലെ പുലിയന്നൂര്‍ കാവടി പ്രസിദ്ധമാണ്. ഗണപതി, ശാസ്താവ്, യക്ഷിയമ്മ, യോഗീശ്വരന്‍, സര്‍പ്പങ്ങള്‍, ശ്രീകൃഷ്ണന്‍, ദേവി എന്നീ ഉപദേവത മൂര്‍ത്തികളും ക്ഷേത്രത്തിലുണ്ട്.












Click it and Unblock the Notifications