ഉമ്മൻചാണ്ടി പുതുപ്പള്ളി വിടണമെന്ന യുഡിഎഫിലാർക്കുമില്ല: പിജെ ജോസഫ്, പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്ന്!!
കാസർഗോഡ്: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയുമായി പിജെ ജോസഫ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി പുതുപ്പള്ളി സീറ്റിൽ നിന്ന് മാറി മത്സരിക്കണമെന്ന് യുഡിഎഫിനുള്ളിൽ ഒരാൾ പോലും ചിന്തിച്ചിട്ടില്ലെന്നാണ് കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫിന്റെ പ്രതികരണം. ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിട്ട് മത്സരിക്കണമെന്ന തരത്തിൽ ആവശ്യമുയർന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കൾ തങ്ങൾ ജനിച്ചുവളർന്ന നാട്ടിൽ തന്നെ മത്സരിക്കുന്നതാണ് നല്ലതെന്നും പിജെ ജോസഫ് ചൂണ്ടിക്കാണിക്കുന്നു.
ജോസഫ് വിഭാഗത്തിലേക്ക് കൂടുതൽ നേതാക്കൾ വന്നു എന്നതുകൊണ്ട് സീറ്റ് നിർണ്ണയം സംബന്ധിച്ച് പ്രതിസന്ധിയുണ്ടാകില്ല. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽപ്പെട്ടവരെല്ലാം സഹോദരങ്ങളെപ്പോലെയാണ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയ്ക്ക് പകരം തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും സീറ്റിൽ നിന്ന് ഉമ്മൻചാണ്ടി മത്സരിക്കണമെന്ന നിർദേശം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മുന്നോട്ടുവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഇത് സംബന്ധിച്ച വിശദീകരണങ്ങൾ മുന്നണിക്കുള്ളിൽ നിന്ന് തന്നെ പുറത്തുവരുന്നത്. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ്, നേമം, തിരുവനന്തപുരം സെൻട്രൽ എന്നീ സീറ്റുകൾ ഉമ്മൻചാണ്ടിക്ക് വേണ്ടി മുല്ലപ്പള്ളി ശുപാർശ ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കുകയാണെങ്കിൽ അത് കോൺഗ്രസിന് തെക്കൻ ജില്ലകളിൽ ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാണിച്ചിരുന്നു. മുല്ലപ്പള്ളിയുടെ നിർദേശത്തെ കോൺഗ്രസ് ഗ്രൂപ്പ് പിന്തുണച്ചെങ്കിലും ഉമ്മൻചാണ്ടി എതിർപ്പ് അറിയിച്ച് രംഗത്തെത്തുകയായിരുന്നു. ഇതോടെ നീ നീക്കം പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications