'ആരാധ്യനായ ഭഗവാന്‍ ഗണേഷ് ജിയെ ഷംസീര്‍ അവഹേളിച്ചു'; കേരളത്തില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് അനില്‍ ആന്റണി
കോട്ടയം: മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ ബി ജെ പി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ഷംസീര്‍ ലോകത്തിലെ കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ആരാധ്യനായ ഭഗവാന്‍ ഗണേഷ് ജിയെ അവഹേളിച്ചെന്ന് അനില്‍ ആന്റണി പറഞ്ഞു. പുതുപ്പള്ളിയില്‍ ന്യൂനപക്ഷ മോര്‍ച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അനില്‍ ആന്റണി.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റേയും വികസന കാഴ്ചപ്പാടുകള്‍ ആണ് ചര്‍ച്ചയാകുക എന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പി ആരുടെയും വികാരം വ്രണപ്പെടുത്താറില്ല എന്നും എന്നാല്‍ ഷംസീര്‍ ലോകത്തെ കോടിക്കണക്കിന് ഹിന്ദുമതവിശ്വാസികളുടെ ആരാധ്യനായ ഭഗവാന്‍ ഗണേഷ് ജിയെ അവഹേളിച്ചു എന്നും അദ്ദേഹം പറഞ്ഞു.

സി പി എം സംസ്ഥാന സെക്രട്ടറിയോട് അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത്തരമൊരു പ്രസ്താവനയെ അപലപിക്കുന്നതിനു പകരം പിന്തുണയ്ക്കുകയാണ് ചെയ്തത് എന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി. ആരെയെങ്കിലും പ്രീണിപ്പിക്കാന്‍ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രാഷ്ട്രീയം ബിജെപിക്കില്ല എന്നും അനില്‍ ആന്റണി അവകാശപ്പെട്ടു. അങ്ങനെയുള്ള രാഷ്ട്രീയം ഇവിടെ വളരാന്‍ അനുവദിക്കില്ല എന്നും അനില്‍ ആന്റണി വ്യക്തമാക്കി.
കേരളത്തിലും നരേന്ദ്ര മോദിയുടെ വീക്ഷണങ്ങള്‍ പ്രവര്‍ത്തികമാക്കാനാകും എന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഇവിടെയും ബി ജെ പി വലിയ പാര്‍ട്ടിയാകും എന്നും സര്‍ക്കാരുണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ കേന്ദ്ര സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ പുതുപ്പള്ളിയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്കായി പ്രചരണത്തിനിറങ്ങും എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് ഒരുപാട് മുന്നോട്ട് പോകാനുണ്ട് എന്നും അതിനായി ബി ജെ പി അധികാരത്തിലെത്തണം എന്നും അനില്‍ ആന്റണി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ യു ഡി എഫും എല്‍ ഡി എഫും പല രീതിയില്‍ നിരവധി വര്‍ഷങ്ങളായി ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാലിന്ന് ബി ജെ പിയെ തിരിച്ചറിഞ്ഞ് എല്ലാവിഭാഗങ്ങളും ബി ജെ പിയോട് അടുക്കുന്നുണ്ടെന്നും അനില്‍ ആന്റണി പറഞ്ഞു.
പല വിഷയങ്ങളിലും സി പി എമ്മിനും കോണ്‍ഗ്രസിനും ഒരു നിലപാടാണ് എന്നും പിന്നെന്തിനാണ് പുതുപ്പള്ളിയില്‍ രണ്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. ആര്‍ട്ടിക്കിള്‍ 370, യൂണിഫോം സിവില്‍ കോഡ്, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇവര്‍ ഒന്നിച്ചാണ്. രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും ദല്‍ഹിയില്‍ ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications