പുതുപ്പള്ളിയില്‍ ബിജെപി ജയിക്കും; കോണ്‍ഗ്രസ് അടഞ്ഞ അധ്യായമെന്നും അനില്‍ ആന്റണി
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തികഞ്ഞ ആത്മവിശ്വാസമാണ് ഉള്ളത് എന്ന് ബി ജെ പി ദേശീയ വക്താവ് അനില്‍ ആന്റണി. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയവും വ്യക്തിപരമായ സൗഹൃദവും വ്യത്യസ്തമാണെന്നും അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം നല്ല രാഷ്ട്രീയ സംസ്‌കാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി ജെ പിയുടെ ദേശീയ നേതാക്കളടക്കം പുതുപ്പള്ളിയില്‍ പ്രചാരണരംഗത്തുണ്ടെന്നും വളരെ മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമാകെ നടത്തിയ കാര്യങ്ങളുടെ പ്രതിഫലനമാണ് പുതുപ്പള്ളിയിലും ദൃശ്യമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഗതിവേഗം കേരളത്തിനില്ല. ഇക്കാര്യത്തില്‍ യുവാക്കള്‍ നിരാശരാണ്.

സംസ്ഥാനത്ത് രണ്ട് മുന്നണികളും മാറിമാറി ഭരിച്ചിട്ടും ജനങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടായില്ല എന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി. പുതുപ്പള്ളിയില്‍ ശക്തമായ ത്രികോണ മത്സരം കാഴ്ചവച്ച് ബി ജെ പി വിജയിക്കുമെന്നും ഭൂരിപക്ഷത്തെ കുറിച്ചു പറയുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഒരു മണ്ഡലത്തിലും വികസനം എത്തുന്നില്ല എന്നും അനില്‍ ആന്റണി ആരോപിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയിടങ്ങളില്‍ നടക്കുന്ന വികസനങ്ങളുടെ പകുതി പോലും കേരളത്തിലില്ല.
2004 ലും 2009 ലും തിരഞ്ഞെടുപ്പു നടന്നപ്പോള്‍ ബി ജെ പി സ്ഥാനാര്‍ഥിക്ക് 50000-75000 വോട്ടു ലഭിക്കുന്നത് വലിയ കാര്യമായിരുന്നെന്നും പക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് ബി ജെ പിക്ക് ലഭിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി ജെ പി കേരളത്തില്‍ പടിപടിയായി വളരുകയാണ് എന്നതിന്റെ ഉദാഹരണമാണ് ഇത്. കേരളം, ബംഗാള്‍, ത്രിപുര, തെലങ്കാന എന്നിവിടങ്ങളില്‍ ബി ജെ പി വളര്‍ച്ചയുടെ പാതയിലാണ്.
കേരളത്തില്‍ കൂടൂതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും കേരള വളരണമെങ്കില്‍ ബി ജെ പി ജയിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2026 ആകുമ്പോഴേക്കും ബി ജെ പി കേരളത്തില്‍ നിര്‍ണായക സാന്നിധ്യമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബി ജെ പി-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടെന്ന എല്‍ ഡി എഫിന്റെ ആരോപണത്തെ അദ്ദേഹം ചിരിച്ചു തള്ളി.
രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയുമെല്ലാം ഇന്ത്യ മുന്നണിയുടെ കീഴില്‍ ഒരുമിച്ചവരാണ് എന്ന് അനില്‍ ആന്റണി തിരിച്ചടിച്ചു. കേരളത്തില്‍ മാത്രം ഇവര്‍ കപടഗുസ്തി നടത്തുകയാണെന്നും പിണറായി വിജയന്റേത് അടക്കമുള്ള ഫോട്ടോയുള്ള പോസ്റ്ററാണ് ഇന്ത്യ മുന്നണി എന്ന പേരില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതുപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനുമായി വളരെ നല്ല സൗഹൃദമാണ് ഉള്ളതെന്നും ഒന്നാംക്ലാസിലൊക്കെ ഒരുമിച്ചു പഠിച്ചവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ജനിച്ച് കോണ്‍ഗ്രസില്‍ വളര്‍ന്നത് കൊണ്ട് ജീവിതകാലം മുഴുവനും ആ പാര്‍ട്ടിയുടെ ഭാഗമാകണമെന്നില്ലല്ലോ എന്നും അനില്‍ ആന്റണി ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി എന്നത് അടഞ്ഞ അധ്യായമാണ് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications