ചാണ്ടി ഉമ്മന്‍: പിന്‍വാതിലിലൂടെ വന്ന് നേതാവായതല്ല, വിദ്യാര്‍ത്ഥി കാലം തൊട്ട് രാഷ്ട്രീയത്തില്‍
രണ്ട് ദിവസങ്ങള്‍ക്കിപ്പുറം പുതുപ്പള്ളിയിലെ ജനങ്ങള്‍ വീണ്ടുമൊരു വിധിയെഴുത്തിന് തയ്യാറാകുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു. 53 വര്‍ഷക്കാലം തുടര്‍ച്ചയായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച ആളാണ് ഉമ്മന്‍ ചാണ്ടി.
ആ ഉമ്മന്‍ ചാണ്ടിയുടെ മകനെ തന്നെ കളത്തിലിറക്കിയ യു ഡി എഫിന്റെ ശൈലി വ്യാപകമായി എതിരാളികളുടെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ മരിച്ചാല്‍ അവരുടെ കുടുംബത്തിലുള്ളവരെ തന്നെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുക എന്ന പതിവിന് പുതുപ്പള്ളിയിലും മാറ്റമില്ല എന്നായിരുന്നു എതിരാളികളുടെ പ്രധാന വിമര്‍ശനം. ഒരുപരിധി വരെ ആ വിമര്‍ശനം ശരിയാണെങ്കിലും ചാണ്ടി ഉമ്മന്റെ കാര്യത്തില്‍ അത് പൂര്‍ണമായും സമ്മതിക്കാവുന്നതല്ല.

സജീവമായി പാര്‍ട്ടി പരിപാടികളില്‍ ഉണ്ടായിട്ടില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്നെയാണ് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടേയും മറിയാമ്മയുടേയും രണ്ടാമത്തെ മകനായി 1986 മാര്‍ച്ച് ഒന്നിന് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ ആണ് ചാണ്ടി ഉമ്മന്റെ ജനനം. മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍ എന്നിവരാണ് സഹോദരങ്ങള്‍. തിരുവനന്തപുരം സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ലയോള സ്‌കൂള്‍ ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രാഥമിക വിദ്യാഭ്യാസം.

ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. ഡല്‍ഹിയിലെ നാഷണല്‍ ലോ സ്‌കൂളില്‍ നിന്ന് ക്രിമിനോളജിയില്‍ എല്‍ എല്‍ എമ്മും ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോയില്‍ എല്‍ എല്‍ എമ്മും നേടിയിട്ടുണ്ട്.
2016-ല്‍ സുപ്രീം കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തിരുന്നു. 2017 മുതല്‍ 2020 വരെ വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസില്‍ അധ്യാപകനായും ചാണ്ടി ഉമ്മന്‍ പ്രവര്‍ത്തിച്ചു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ഔട്ട്‌റീച്ച് സെല്ലിന്റെ ദേശീയ ചെയര്‍മാനാണ്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ മുഴുവന്‍ സമയം പങ്കെടുത്ത ചാണ്ടി ഉമ്മന്‍ ശ്രദ്ധ നേടിയിരുന്നു.
2006-2007 കാലയളവില്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് സ്റ്റുഡന്‍സ് യൂണിയന്‍ ഡല്‍ഹി പ്രസിഡന്റായിരുന്നു. 2007 ല്‍ എന്‍ എസ് യു ഐ സംസ്ഥാന സെക്രട്ടറിയായി. 2009-2010 ല്‍ എന്‍ എസ് യു ഐ ഇലക്ഷന്‍ കമ്മിറ്റി അംഗം, 2010 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം 2013 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു. 2022 മുതല്‍ കെ പി സി സി അംഗമാണ്.












Click it and Unblock the Notifications