അന്തിമ വോട്ടര്‍ പട്ടികയ്ക്കെതിരെ വക്കീല്‍ നോട്ടീസയച്ച് ചാണ്ടി ഉമ്മന്‍; 'അര്‍ഹരെ ഒഴിവാക്കി'
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ അന്തിമ വോട്ടര്‍ പട്ടികയ്ക്കെതിരെ നിയമനടപടിയുമായി യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ നിരവധി വോട്ടര്‍മാരെ ഒഴിവാക്കി എന്നാണ് ചാണ്ടി ഉമ്മന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് ചാണ്ടി ഉമ്മന്‍.
വോട്ടര്‍ പട്ടികയില്‍ നിന്ന് അര്‍ഹരായ നൂറ് കണക്കിന് സമ്മതിദായകരെ സാങ്കേതിക കാരണം പറഞ്ഞ് ഒഴിവാക്കി എന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. അഡ്വക്കേറ്റ് വിമല്‍ രവി മുഖേനയാണ് ചാണ്ടി ഉമ്മന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പുതിയ വോട്ടര്‍മാരില്‍ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമാകാനുള്ള സമ്മതിദായകന്റെ അവകാശത്തെ ഹനിക്കലാണ് എന്ന് ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ആഗസ്റ്റ് 10 വരെ ലഭിച്ച അപേക്ഷകളില്‍ ഓഗസ്റ്റ് 17 വരെ നടപടികള്‍ പൂര്‍ത്തീകരിക്കപ്പെട്ടവരുടെ പേരുകളാണ് വോട്ടര്‍ പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടിട്ടുള്ളത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ആഗസ്റ്റ് 10 ന് ശേഷം അപേക്ഷ സമര്‍പ്പിച്ച പുതിയ വോട്ടര്‍മാരില്‍ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ഒഴിവാക്കിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞു. അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുനഃപ്രസിദ്ധീകരിക്കണം.
അല്ലാത്തപക്ഷം നിയമപരമായി നേരിടുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളിയിലെ മണ്ഡലത്തിലെ അന്തിമ വോട്ടര്‍പട്ടികയിലുള്ളത് 1,76,412 വോട്ടര്‍മാരാണ്. ആകെ 957 പുതിയ വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. മണ്ഡലം മാറിവന്ന 100 വോട്ടര്‍മാര്‍ കൂടി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതുപ്പള്ളി മണ്ഡലത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണ് ഉളളത്.
സ്ത്രീ വോട്ടര്‍മാരുടെ എണ്ണം 90277 ആണ്. പുരുഷ വോട്ടര്‍മാര്‍ 86131 ആണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട നാല് വോട്ടര്‍മാരുമുണ്ട്.50 നും 59 നും ഇടയില്‍ പ്രായമുള്ളവരാണ് മണ്ഡലത്തിലെ ഭൂരിഭാഗം വോട്ടര്‍മാരും. ആകെ വോട്ടര്‍മാരുടെ 20.08 ശതമാനവും ഈ പ്രായപരിധിയില്‍ വരുന്നവരാണ്. 90 നും 99 നും ഇടയില്‍ പ്രായമുള്ളവര്‍ 0.52 ശതമാനവും 20 നും 29 നും ഇടയില്‍ പ്രായമുള്ളവര്‍ 14.80 ശതമാനവുമാണ്.
30 നും 39 നും ഇടയില്‍ പ്രായമുള്ള 16.83 ശതമാനം വോട്ടര്‍മാരും പുതുപ്പള്ളി മണ്ഡലത്തിലുണ്ട്. ആകെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് പുതുപ്പള്ളിയില്‍ മത്സരിക്കുന്നത്. ചാണ്ടി ഉമ്മന് പുറമെ എല്‍ ഡി എഫിന്റെ ജെയ്ക് സി തോമസും എന്‍ ഡി എയുടെ ലിജിന്‍ ലാലുമാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. ആം ആദ്മി പാര്‍ട്ടിയും ഇവിടെ മത്സരിക്കുന്നുണ്ട്. സെപ്തംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. സെപ്തംബര്‍ എട്ടിന് ഫലമറിയാം.












Click it and Unblock the Notifications