'നിരുപാധികം മാപ്പ്'; അച്ചു ഉമ്മന്റെ പരാതിക്ക് പിന്നാലെ മാപ്പപേക്ഷയുമായി സെക്രട്ടേറിയറ്റിലെ മുന്‍ ഉദ്യോഗസ്ഥന്‍
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ നടത്തിയ സൈബര്‍ അധിക്ഷേപത്തില്‍ ക്ഷമ ചോദിച്ച് സെക്രട്ടേറിയറ്റിലെ മുന്‍ ഉദ്യോഗസ്ഥന്‍. അച്ചു ഉമ്മന്‍ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരാതി നല്‍കിയതോടെയാണ് മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളി ക്ഷമാപണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം നന്ദകുമാറിനെതിരെ പൂജപ്പുര പൊലീസില്‍ അച്ചു ഉമ്മന്‍ പരാതി നല്‍കിയതിരുന്നു. ചാണ്ടി ഉമ്മന് വേണ്ടി സജീവമായി പ്രചരണ രംഗത്തുള്ള അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപം തുടങ്ങിയിട്ട് കുറച്ചുനാളായി. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തിയതോടെയാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലെ ഇടത് പ്രൊഫൈലുകള്‍ തിരിഞ്ഞത്.

ഇതോടെ അച്ചു ഉമ്മന്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് തന്റെ പിതാവെന്നും അധികാര ദുര്‍വിനിയോഗം നടത്തി ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നുമായിരുന്നു അച്ചു ഉമ്മന്റെ പ്രതികരണം. പിതാവിനെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയിരുന്നവര്‍ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണ് എന്നും അച്ചു പറഞ്ഞിരുന്നു.
അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സൈബര്‍ ആക്രമണമെന്നും മുഖമില്ലാത്തവര്‍ക്കെതിരെ നിയമ നടപടിയില്ല എന്നുമായിരുന്നു അച്ചു ഉമ്മന്‍ ആദ്യഘട്ടത്തില്‍ പ്രതികരിച്ചിരുന്നത്. ധൈര്യമുള്ളവര്‍ നേര്‍ക്ക് നേര്‍ നിന്ന് ആരോപണം ഉന്നയിക്കട്ടെ എന്നും അച്ചു ഉമ്മന്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണം ഇതുകൊണ്ടും ശമിച്ചില്ല. ഇതോടെയാണ് അച്ചു ഉമ്മന്‍ നിയമനടപടിയേലക്ക് കടന്നത്.
നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ വനിതാ കമ്മിഷനിലും സൈബര്‍ സെല്‍, തിരുവനന്തപുരം പൂജപ്പുര പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലുമാണ് അച്ചു ഉമ്മന്‍ പരാതി നല്‍കിയിരുന്നത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുതത്തിട്ടുണ്ട്. ജോലിയെയും പ്രൊഫഷണലിസത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയും പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് മാനഹാനി ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണു പരാതി നല്‍കിയത് എന്നായിരുന്നു അച്ചു പ്രതികരിച്ചിരുന്നത്.
നന്ദകുമാര്‍ കൊളത്താപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിന് കീഴെ വന്ന പ്രകോപനപരമായ കമന്റുകള്‍ക്കു മറുപടി പറയുന്നതിനിടയില്‍ ഞാന്‍ രേഖപ്പെടുത്തിയ ഒരു കമന്റ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്ക് അപമാനകരമായി പോയതില്‍ ഞാന്‍ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയില്‍പ്പെട്ട ഉടനെ ആ പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്തു. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരപാധികം മാപ്പപേക്ഷിക്കുന്നു.












Click it and Unblock the Notifications