പുതുപ്പള്ളിയില്‍ ചിത്രം തെളിയുന്നു; എല്‍ഡിഎഫ്, ബിജെപി ഡമ്മികളുടെ പത്രിക തള്ളി, മത്സരിക്കാന്‍ 7 പേര്‍
കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് സംജാതമായ പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ഇന്നായിരുന്നു പത്രികകളുടെ സൂക്ഷ്മപരിശോധന നടന്നിരുന്നത്. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടില്ല. അതിനാല്‍ പുതുപ്പള്ളിയില്‍ അന്തിമ ചിത്രമായെന്ന് പറയാനാകില്ല.
സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ ഏഴ് പേരുടെ നാമനിര്‍ദേശ പത്രികയാണ് അംഗീകരിച്ചത്. മൂന്ന് പേരുടെ നാമനിര്‍ദേശ പത്രികയാണ് തള്ളിയത്. എല്‍ ഡി എഫ്, യു ഡി എഫ്, എന്‍ ഡി എ മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും നാമനിര്‍ദേശ പത്രികകളും അംഗീകരിച്ചിട്ടുണ്ട്. അതേസമയം സ്വതന്ത്രനായി റെക്കാര്‍ഡുകള്‍ക്ക് വേണ്ടി മത്സരിക്കുന്ന പദ്മരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയിട്ടുണ്ട്.

അതോടൊപ്പം എല്‍ ഡി എഫ്, ബി ജെ പി ഡമ്മി സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രികകള്‍ തള്ളിയിട്ടുണ്ട്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനായി ജെയ്ക് സി തോമസും യു ഡി എഫിന് വേണ്ടി ചാണ്ടി ഉമ്മനുമാണ് മത്സരിക്കുന്നത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ലിജിന്‍ ലാലും മത്സരരംഗത്തുണ്ട്. സെപ്തംബര്‍ അഞ്ചിനാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
സെപ്തംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. ഉമ്മന്‍ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനാണ് യു ഡി എഫിനായി കളത്തിലിറങ്ങുന്നത്. 53 വര്‍ഷം തുടര്‍ച്ചയായി എം എല്‍ എയായ ഉമ്മന്‍ ചാണ്ടിയുടെ മകനിലൂടെ മണ്ഡലം നിലനിര്‍ത്താം എന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ 2016 ലും 2021 ലും മത്സരിച്ച് പരാജയപ്പെട്ട ജെയ്ക് സി തോമസിനെയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്.
2016 ല്‍ 30000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജെയ്ക് സി തോമസ് പരാജയപ്പെട്ടിരുന്നത്. എന്നാല്‍ 2021 ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9000 ത്തോളമാക്കി കുറയ്ക്കാന്‍ ജെയ്ക് സി തോമസിന് സാധിച്ചിരുന്നത്. ഈ പോരാട്ടവീര്യമാണ് എല്‍ ഡി എഫിന് പ്രതീക്ഷ നല്‍കുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു.
എല്‍ ഡി എഫ് ആഗസ്റ്റ് 12 നാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. എന്‍ ഡി എ ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. നേരത്തെ അനില്‍ ആന്റണി ബി ജെ പി സ്ഥാനാര്‍ത്ഥിയായി എത്തിയേക്കും എന്ന തരത്തില്‍ അഭ്യൂഹമുണ്ടായിരുന്നു.












Click it and Unblock the Notifications