പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെതിരെ അനില്‍ ആന്റണിയോ? അണിയറയിലെ നീക്കം ഇങ്ങനെ
കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവം. ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മൂന്ന് മുന്നണികളും മണ്ഡലം കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. യു ഡി എഫില്‍ നിന്ന് കോണ്‍ഗ്രസും എല്‍ ഡി എഫില്‍ നിന്ന് സി പി എമ്മും എന്‍ ഡി എയില്‍ നിന്ന് ബി ജെ പിയും തന്നെയാണ് കാലങ്ങളായി പുതുപ്പള്ളി മണ്ഡലത്തില്‍ മത്സരിക്കുന്നത്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഉമ്മന്‍ ചാണ്ടിയെ മാത്രമാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ എം എല്‍ എയായി ജയിപ്പിച്ചിട്ടുള്ളത്. ആ നിലക്ക് കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലം തന്നെയാണ് പുതുപ്പള്ളി. എന്നാല്‍ കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ എല്‍ ഡി എഫിന് സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയില്ലാത്ത പുതുപ്പള്ളിയില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

പുതുപ്പള്ളിയില്‍ യു ഡി എഫിനായി ആര് മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ കുടുംബമായിരിക്കും എന്നത് തീര്‍ച്ചയാണ്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിലേക്കില്ല എന്ന് മകള്‍ അച്ചു ഉമ്മന്‍ പറഞ്ഞ സ്ഥിതിക്ക് മകന്‍ ചാണ്ടി ഉമ്മന്‍ തന്നെയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തുക.
അതേസമയം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫും ആയിരിക്കും. ഉമ്മന്‍ ചാണ്ടിയുടെ സന്തതസഹചാരികളായിരുന്ന ഇരുവരുമാണ് നിലവില്‍ എ ഗ്രൂപ്പിനെ നയിക്കുന്നത്. എല്‍ ഡി എഫില്‍ നിന്ന് ഒരിക്കല്‍ കൂടി ജെയ്ക് സി തോമസിനെ മത്സരിപ്പിച്ചേക്കാനാണ് സാധ്യക. 2016 ലും 2021 ലും ജെയ്ക് ആയിരുന്നു ഉമ്മന്‍ ചാണ്ടിയെ എതിരിട്ടത്.
2016 ല്‍ ഉമ്മന്‍ ചാണ്ടി ജെയ്കിനെ 27000 ത്തിലധികം വോട്ടിനാണ് തോല്‍പ്പിച്ചത്. എന്നാല്‍ 2021 ല്‍ ഭൂരിപക്ഷം 9000 മാക്കാന്‍ ജെയ്ക് സി തോമസിലൂടെ സി പി എമ്മിന് സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് സി പി എമ്മും എല്‍ ഡി എഫും ഇറങ്ങുന്നത്. അതേസമയം ബി ജെ പി ഇത്തവണ ദേശീയ ജനറല്‍ സെക്രട്ടറി അനില്‍ ആന്റണിയെ കളത്തിലിറക്കിയേക്കും എന്ന് റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ തവണ എന്‍ ഹരിയിലൂടെ 11694 വോട്ട് മാത്രമാണ് എന്‍ ഡി എയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ എ കെ ആന്റണിയുടെ മകനെ തന്നെ ഉമ്മന്‍ ചാണ്ടിയുടെ മകനെതിരെ കളത്തിലിറക്കി രംഗം കൊഴുപ്പിക്കാന്‍ ബി ജെ പി പദ്ധതിയിടുന്നതായാണ് വിവരം. ഒരു കാലത്ത് എ കെ ആന്റണിയുടെ വലംകൈയായിരുന്നു ഉമ്മന്‍ ചാണ്ടി. ഈ സാഹചര്യത്തില്‍ ചാണ്ടി ഉമ്മനെതിരെ അനില്‍ ആന്റണി എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അനില്‍ ആന്റണിയെ മത്സരിപ്പിച്ചാല്‍ പുതുപ്പള്ളിയില്‍ ചിത്രത്തിലേ ഇല്ലാത്ത പാര്‍ട്ടിക്ക് ഊര്‍ജമാകും എന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് അനില്‍ ആന്റണിയെ ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. അനില്‍ ആന്റണി പുതുപ്പള്ളിയില്‍ മത്സരിക്കുകയാണെങ്കില്‍ എ കെ ആന്റണി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് വരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
പുതുപ്പള്ളിയില്‍ 2016 ല്‍ ബി ജെ പിക്ക് 11 ശതമാനത്തിലേറെ വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ 2021 ല്‍ ഇത് 8.87 ശതമാനമായി കുറഞ്ഞിരുന്നു. നിലവില്‍ കോണ്‍ഗ്രസിന് 48.08 ശതമാനം വോട്ടും സി പി എമ്മിന് 41.22 ശതമാനം വോട്ടും ആണ് ഉള്ളത്.












Click it and Unblock the Notifications