കള്ളവോട്ട് തടയാന്‍ തൃക്കാക്കര മോഡല്‍, പുതുപ്പള്ളിയില്‍ വിജയ ഫോര്‍മുലയുമായി യുഡിഎഫ്
കോട്ടയം: പുതുപ്പള്ളിയില്‍ കള്ളവോട്ട് തടയാന്‍ വിജയിച്ച ഫോര്‍മുലയുമായി യുഡിഎഫ്. കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫിനെ അടിമുടി വീഴ്ത്തിയ തൃക്കാക്കര മോഡലാണ് പയറ്റുന്നത്. തൃക്കാക്കരയില്‍ കള്ളവോട്ട് തടയാന്‍ സാധിച്ചതിലൂടെ ചരിത്ര വിജയം തന്നെ ഉമാ തോമസ് നേടിയിരുന്നു. സമാനമായ വിജയം പുതുപ്പള്ളിയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
മണ്ഡലത്തിലെ വോട്ടര്‍മാരുടെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട് യുഡിഎഫ്. പ്രത്യേകിച്ച് മരിച്ചവരുടെ വിവരങ്ങള്‍ കൃത്യമായി കൈവശമുണ്ട്. ആരൊക്കെ വോട്ട് ചെയ്യാന്‍ വരില്ലെന്നുള്ള കാര്യവും നേരത്തെ തന്നെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംഘം അറിഞ്ഞ് വെച്ചിട്ടുണ്ട്. മരിച്ചവരുടെ പേരിലും, വോട്ട് ചെയ്യാന്‍ എത്താതിരിക്കുന്നവരുടെ പേരിലുമുള്ള കള്ളവോട്ടുകള്‍ പല മണ്ഡലത്തിലും വ്യാപകമാണെന്ന ആരോപണം നേരത്തെ യുഡിഎഫ് ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു തൃക്കാക്കരയില്‍ ജാഗ്രത പാലിച്ചത്.

അതേ മാതൃകയിലാണ് പുതുപ്പള്ളിയിലും പട്ടിക ഉണ്ടാക്കിയിരിക്കുന്നത്. 185 ബൂത്തുകളിലും നിന്നുള്ള വിവരങ്ങള്‍ ചേര്‍ത്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഓരോ ഏരിയയിലെയും പോളിംഗ് ഓഫീസര്‍മാര്‍ക്ക് അതാത് മേഖലയിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ യുഡിഎഫ് കൈമാറും. അതിലൂടെ കള്ളവോട്ട് ഒന്ന് പോലും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സാധിക്കും. അത് മാത്രമല്ല കള്ളവോട്ട് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നല്‍കിയിട്ടുണ്ട്.
സെപ്റ്റംബര്‍ അഞ്ചിന് കള്ളവോട്ട് ചെയ്യാനായി ആരും പുതുപ്പള്ളിയിലേക്ക് വരേണ്ടതില്ല. അങ്ങനെ വരികയാണെങ്കില്‍ തൃക്കാക്കരയില്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നായിരുന്നു ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുന്നറിയിപ്പ് നല്‍കിയത്. തൃക്കാക്കരയില്‍ മറ്റൊരാളുടെ പേരില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ സിപിഎം അനുഭാവി തൃക്കാക്കരയില്‍ അറസ്റ്റിലായിരുന്നു.
ഈ സംഭവം ചൂണ്ടിക്കാണിച്ചായിരുന്നു സതീശന്റെ മുന്നറിയിപ്പ്. ഇനി പോളിംഗ് ബൂത്ത് ഓഫീസര്‍മാരോ മറ്റോ സിപിഎമ്മിനെ സഹായിക്കാന്‍ കള്ളവോട്ടിന് വഴിയൊരുക്കിയാല്‍ അവരും കുടുങ്ങുമെന്ന് സതീശന്‍ പറഞ്ഞു. സിഎംപി നേതാവ് സിപി ജോണാണ് വോട്ടര്‍മാരുടെ പട്ടിക തയ്യാറാക്കുന്നത്. കള്ളവോട്ടിനായി ഉപയോഗപ്പെടുത്താന്‍ സാധ്യതയുള്ളവരുടെ പട്ടികയും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. തൃക്കാക്കരയിലെ അതേ ഫോര്‍മുല പുതുപ്പള്ളിയിലും ഉപയോഗിക്കാന്‍ കാരണം, അത് വിജയിച്ചത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
25000 വോട്ടുകള്‍ക്ക് അധികം നേടിയായിരുന്നു തൃക്കാക്കരയില്‍ ഉമാ തോമസ് വിജയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റ പ്രകാരം പുതുപ്പള്ളി മണ്ഡലത്തില്‍ 1,76412 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 957 പേര്‍ കന്നി വോട്ടര്‍മാരാണ്. 100 പേര്‍ മറ്റ് മണ്ഡലങ്ങളില്‍ നിന്ന് പുതുപ്പള്ളിയിലേക്ക് വോട്ട് മാറ്റിയവരാണ്. 86131 പേര്‍ പുരുഷന്മാരും, 90277 പേര്‍ വനിതകളുമാണ്. നാല് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവരുമുണ്ട്.












Click it and Unblock the Notifications