Puthuppally Result: മണര്‍കാട് ഡിവൈഎഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം, പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് പിന്നാലെ മണര്‍കാട് എല്‍ ഡി എഫ് - യു ഡി എഫ് സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് വിജയാഘോഷത്തിനിടെ കല്ലേറ് നടത്തുകയായിരുന്നു എന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. മണര്‍കാട് മാലം ജംഗ്ഷനില്‍ ആണ് സംഘര്‍ഷം രൂപപ്പെട്ടത്. അതേസമയം പ്രകടനത്തിന് ഡി വൈ എഫ് ഐ കല്ലെറിയുകയായിരുന്നു എന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം.
പരാജയത്തില്‍ വിറളി പൂണ്ട സി പി എമ്മുകാര്‍ അക്രമമഴിച്ച് വിടുകയാണ് എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു. തോല്‍വിയുടെ ആഘാതം ഗുണ്ടായിസം കൊണ്ട് കുറയ്ക്കാന്‍ നോക്കേണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, വി ടി ബല്‍റാം, അബിന്‍ വര്‍ക്കി എന്നിവര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനിടെ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ കല്ലെറിഞ്ഞെന്നാണ് സി പി എം പ്രാദേശിക നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്. നിരവധി സി പി എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിജയത്തിന്റെ ഹുങ്ക് കാണിക്കുകയാണ് യു ഡി എഫ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നാട്ടിലുള്ളവരല്ല അക്രമത്തിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ കോട്ടയം എസ് പി കാര്‍ത്തിക് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് വന്‍ പൊലീസ് വിന്യാസമാണ് നിലയുറപ്പിച്ചിരിക്കുന്നത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ഒരു തവണ ലാത്തി വീശി. എന്നാല്‍ ഇരുവശത്തും ഇപ്പോഴും പ്രവര്‍ത്തകര്‍ നിലയുറപ്പിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പ്രവര്‍ത്തകരെ അനുനയിപ്പിക്കുന്നതിനായി എത്തിയിരിക്കുകയാണ്.
സംഘര്‍ഷ സ്ഥലത്തേക്ക് ഇരുപക്ഷത്ത് നിന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇരുപ്രവര്‍ത്തകരുടേയും വീടുകളിലേക്ക് കല്ലേറുണ്ടായിട്ടുണ്ട്. സംഭവസ്ഥലത്ത് വലിയ തോതില്‍ ഗതാഗത തടസവും രൂപപ്പെട്ടിട്ടുണ്ട്. നേതാക്കള്‍ പ്രവര്‍ത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതിനിടെ പൊലീസ് കോണ്‍ഗ്രസ് ഓഫീസിലേക്ക് കയറിയത് നേരിയ സംഘര്‍ഷത്തിന് കാരണമായി.












Click it and Unblock the Notifications