മെല്ലെ പൊക്കോ ഇല്ലേല്‍ പിടിവീഴും; അമിതവേഗതയില്‍ പോകുന്ന വാഹനങ്ങളെ പിടിച്ചുകെട്ടാനൊരുങ്ങി ആര്‍ടിഒ
കോട്ടയം: വേഗത്തില്‍ പായുന്നവരെ പൂട്ടാന്‍ പരിശേധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. മണര്‍ക്കാട് പട്ടിത്താനം ബൈപാസിലാണ് പാഞ്ഞ്വരുന്ന വാഹനങ്ങളെ പിടികൂടുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ പരിശോധനയാരംഭിച്ചത്. ഈ റോഡിലൂടെ വാഹനങ്ങള്‍ അമിതവേഗതയിലാണ് കടന്ന് പോകുന്നത്. വാഹനങ്ങളുടെ വേഗത കുറക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു ശ്രമവുമുണ്ടായിട്ടില്ലെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നേരിട്ട് രംഗത്തെത്തിയത്. കൂടാതെ കഴിഞ്ഞ ദിവസം പേരൂര്‍ പുളിമൂട് ജംക്ഷനു സമീപം സൈക്കിളില്‍ റോഡ് കുറുകെ കടന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയെ അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചിരുന്നു. ഈ പശ്ചാതലത്തില്‍ കൂടിയാണ് വാഹനങ്ങളെ പിടികൂടാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചത്.

സ്ഥിരം അപകട മേഖലയായി മാറുന്ന റോഡാണിത്. രണ്ട് വര്‍ഷം മുമ്പ് പേരൂര്‍ കണ്ടഞ്ചിറ കവലയ്ക്ക് സമീപം അമിത വേഗത്തിലെത്തിയ കാറിടിച്ച് അമ്മയും രണ്ടു പെണ്‍മക്കളും മരിച്ചിരുന്നു. ഇവരെ ഇടിച്ചുവീഴ്ത്തിയ കാര്‍ 140 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഓടിച്ചിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതേ വര്‍ഷം മറ്റൊരു അപകടവും ഇവിടെ സംഭവിച്ചിരുന്നു. അന്ന ഒരു ഓട്ടോ ഡ്രൈവറാണ് മരണപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 8ന് പേരൂരില്‍ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ കിടങ്ങൂര്‍ സ്വദേശി സജികുമാര്‍(46) മരിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 14ന് വളര്‍ത്തു മകളോടൊപ്പം റോഡ്കുറുകെ കടന്ന വീട്ടമ്മ കാറിടിച്ച് മരിക്കുകയും ചെയ്തിരുന്നു.

വര്‍ഷാ വര്‍ഷം ഇവിടെ അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിക്കുന്നത് തടയാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഒന്നും ചെയ്യുന്നില്ല എന്നുള്ള ആക്ഷേപവും ഉയര്‍ന്നിരുന്നു. പട്ടിത്താനം മണര്‍കാട് ബൈപാസിന്റെ രണ്ടാം റീച്ചിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വേഗ നിയന്ത്രണ ബോര്‍ഡുകളോ കൃത്യമായ സ്ഥാനങ്ങളില്‍ സീബ്രാ ലൈനുകളോ സ്ഥാപിക്കാന്‍ പിഡബ്ല്യുഡി തയാറായിട്ടില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. പിഡബ്ല്യുഡിയുടെ മൗനത്തില്‍ കടുത്ത പ്രതിഷേധമാണു നാട്ടുകാരുടെ ഇടയില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മോട്ടര്‍ വാഹന വകുപ്പിന് വാഹനങ്ങളുടെ വേഗം പരിശോധിക്കുന്നതിനുള്ള ഇന്റര്‍സെപ്റ്റര്‍ യൂണിറ്റ് അനുവദിച്ചിരിക്കുന്നത് ഒരെണ്ണം മാത്രമാണ്. ഇത്‌കൊണ്ട് തന്നെ ജില്ലയിലെ 5 താലൂക്കുകളിലെ എല്ലാ പ്രധാന റോഡുകളിലും പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് മോട്ടര്‍ വാഹന വകുപ്പിന്റെ നിലവിലെ അവസ്ഥ.

നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മിന്നല്‍ പരിശോധനയും നടത്തി. നിയമലംഘനങ്ങളും കണ്ടെത്തി. ഇവരില്‍ നിന്നും 48,000 രൂപ പിഴയും ചുമത്തി. അനധികൃതമായി സ്റ്റീരിയോ, ലൈറ്റുകള്‍, എയര്‍ ഹോണ്‍ എന്നിവ ഘടിപ്പിച്ച എട്ട് ബസുകള്‍ക്കെതിരെ 16,000 രൂപയും, സമയക്രമം പാലിക്കാത്ത മൂന്ന് ബസുകളില്‍ നിന്നും 32000 രൂപയും പിഴ ചുമത്തി.
Recommended Video

എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ക്രമക്കേടുകള്‍ മാറ്റി ഏഴു ദിവസത്തിനുള്ളില്‍ ബസുകള്‍ ആര്‍ടിഒ മുന്‍പാകെ ഹാജരാക്കണമെന്ന് ബസ് ഉടമകള്‍ക്കു നിര്‍ദേശം നല്‍കി. ഇനിയും വീഴ്ച വരുത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications