പുതിയ പാര്‍ട്ടി ഉണ്ടാക്കില്ലെന്ന് സജി മഞ്ഞക്കടമ്പില്‍; വലവീശി മാണി ഗ്രൂപ്പ് അടക്കമുള്ളവര്‍
കോട്ടയം: കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചത് അപമാനം സഹിച്ചാണ് എന്ന് സജി മഞ്ഞക്കടമ്പില്‍. 'അവശിഷ്ട മാണി'ക്കാരനായി ജോസഫ് ഗ്രൂപ്പില്‍ തുടരാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി തന്നെ ഉപദ്രവിക്കാന്‍ വരരുത് എന്നും പുതിയ പാര്‍ട്ടി ഉണ്ടാക്കില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. രാജി സംബന്ധിച്ച് മുമ്പ് പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് സജി മഞ്ഞക്കടമ്പില്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും രാജി വെച്ചത്. മോന്‍സ് ജോസഫ് എം എല്‍ എക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാജി. രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുകയാണ് എന്ന് രാജിപ്രഖ്യാപന സമയത്ത് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞിരുന്നു.

എന്നാല്‍ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായി ആലോചിച്ച് ആവശ്യമെങ്കില്‍ വീണ്ടും രാഷ്ട്രീയ രംഗത്തേക്ക് വരുമെന്നാണ് സജി മഞ്ഞക്കടമ്പില്‍ ഇപ്പോള്‍ പറയുന്നത്. ഏതെങ്കിലും പാര്‍ട്ടിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സജി പറയുന്നുണ്ടെങ്കിലും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലേക്ക് സജി മഞ്ഞക്കടമ്പില്‍ പോകാനാണ് സാധ്യത കൂടുതല്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
കേരള കോണ്‍ഗ്രസ് എം ഉള്‍പ്പടെ പല മുന്‍നിര പാര്‍ട്ടികളില്‍ നിന്നും തന്നെ ക്ഷണിച്ചിട്ടുണ്ട് എന്നാണ് സജി മഞ്ഞക്കടമ്പില്‍ പറയുന്നത്. കെ എം മാണിയുടെ ഉറ്റ അനുയായിരുന്നു താന്‍ എന്നും സി എഫ് ജോസഫ് ആവശ്യപ്പെട്ട പ്രകാരമാണ് പി ജെ ജോസഫിനൊപ്പം നിന്നത് എന്നും സജി പറഞ്ഞിരുന്നു. മാണി വിഭാഗം എല്‍ ഡി എഫിലേക്ക് പോയപ്പോള്‍ പി ജെ ജോസഫിനെ ഇഷ്ടമായത് കൊണ്ടാണ് യു ഡി എഫില്‍ ഉറച്ചുനിന്നത് എന്നുമാണ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞത്.
എന്നാല്‍ കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ സജി, കെ എം മാണിയുടെ ഫോട്ടോ എടുത്ത് കൊണ്ടുപോയിരുന്നു. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തേയും യു ഡി എഫിനേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വികാരത്തിന് അടിമപ്പെട്ടെടുത്ത തീരുമാനമാണെന്നും സജി മഞ്ഞക്കടമ്പില്‍ തിരികെ വന്നാല്‍ സ്വീകരിക്കുമെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ. ജോസഫ് പ്രതികരിച്ചിരുന്നു.
എന്നാല്‍ സജി പോകുന്നെങ്കില്‍ പോകട്ടെ എന്നാണ് മോന്‍സ് ജോസഫിന്റേയും അനുയായികളുടേയും നിലപാട്. പാര്‍ട്ടി എക്സിക്യൂട്ടിവ് ചെയര്‍മാന്‍ കൂടിയായ മോന്‍സ് ജോസഫിന് ധാര്‍ഷ്ട്യമാണ് എന്നും പാര്‍ട്ടിയെ പിടിച്ചെടുക്കാനാണ് ശ്രമമെന്നും ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് സജി മഞ്ഞക്കടമ്പില്‍ രാജി വെച്ചത്. മോന്‍സ് ജോസഫ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ താന്‍ സുരക്ഷിതനല്ലെന്നാണ് സജി പറയുന്നത്.
സജിയെ പാര്‍ട്ടിയിലെത്തിക്കാന്‍ മാണി വിഭാഗം ചരടുവലി തുടങ്ങിയിട്ടുണ്ട്. എം എല്‍ എമാര്‍ കഴിഞ്ഞാല്‍ കോട്ടയം ജില്ലയിലെ യു ഡി എഫ് നേതാക്കളില്‍ പ്രധാനിയായിരുന്നു സജി മഞ്ഞക്കടമ്പില്‍. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി സജി മഞ്ഞക്കടമ്പിലിന്റെ പേരും പരിഗണിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയാകാനുള്ള താല്‍പര്യം സജി മഞ്ഞക്കടമ്പിലും പരസ്യമായി പറഞ്ഞിരുന്നു.
എന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിഗണിക്കാമെന്ന പി ജെ ജോസഫിന്റെ ഉറപ്പിനെ തുടര്‍ന്നാണ് അദ്ദേഹം വഴങ്ങിയത്. അതിന് ശേഷമാണ് ഫ്രാന്‍സിസ് ജോര്‍ജിനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പി ജെ ജോസഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നാലെ സജി മഞ്ഞക്കടമ്പില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ പത്രികാ സമര്‍പ്പണം ഉള്‍പ്പടെയുള്ള പല പരിപാടികളില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തിയെന്നാണ് സജി ആരോപിക്കുന്നത്.












Click it and Unblock the Notifications