ഒരു നാട് മുഴുവന്‍ നെഞ്ചേറ്റിയ ബസ്, 61-ാം പിറന്നാള്‍ ദിനത്തില്‍ ഇനി പുതിയ ഉടമയ്‌ക്കൊപ്പം, റൂട്ടും പേരും മാറില്ല
കോട്ടയം: കോട്ടയം- കാനം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് തോമസ് എന്ന ബസിന് '61-ാം പിറന്നാള്‍' ദിനത്തില്‍ ഹൃദ്യമായ സ്വീകരണമൊരുക്കി. ആറ് പതിറ്റാണ്ടിലേറെയായി കോട്ടയം - പൊന്‍കുന്നം - കാനം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് തോമസ് ബസിനോട് നാട്ടുകാര്‍ക്കുള്ള സ്‌നേഹബന്ധത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഇന്നലെ കാനത്ത് സംഘടിപ്പിച്ച ആഘോഷ ചടങ്ങുകള്‍.
1963 ഫെബ്രുവരി അഞ്ചിനായിരുന്നു സെന്റ് തോമസ് ബസിന് പെര്‍മിറ്റ് ലഭിച്ചത്. കോട്ടയം സംക്രാന്തി ഒതളത്തുംമൂട്ടില്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ബസ്. 1963 മുതല്‍ 1987 വരെ ഒതളത്തുംമൂട്ടില്‍ പി വി ചാക്കോ ആയിരുന്നു ബസിന്റെ ഉടമസ്ഥന്‍. 1987 ല്‍ മകന്‍ ജോണ്‍ കെ ജേക്കബിന്റെ പേരിലേക്ക് ഉടമസ്ഥത മാറ്റി. മിനിയാന്ന് വരെ ജോണ്‍ ജെ ജേക്കബിനായിരുന്നു സെന്റ് തോമസിന്റെ ഉടമസ്ഥത.

കഴിഞ്ഞ 60 കൊല്ലത്തിനിടെ ആറ് ബസുകളാണ് മാറ്റിയത്. അതേസമയം പിറന്നാള്‍ ദിനം തൊട്ട് പുതിയ ഉടമയുടെ കൈയിലാണ് ബസ്. ളാക്കാട്ടൂര്‍ സ്വദേശി ബിനു എം നാഗപ്പള്ളിലാണ് പുതിയ ഉടമ. എന്നാല്‍ നാട്ടുകാര്‍ക്ക് ഈ ബസിനോടുള്ള സ്‌നേഹവും വികാരവും കണക്കിലെടുത്ത് സെന്റ് തോമസ് എന്ന പേരില്‍ തന്നെയായിരിക്കും ബസ് സര്‍വീസ് നടത്തുക എന്ന് ബിനു പറഞ്ഞു.
ഒരു നാടിന്റെ ആവശ്യങ്ങള്‍ക്കൊന്നാകെയുള്ള യാത്രകള്‍ക്കായി ഒരു കാലത്ത് സെന്റ് തോമസ് മാത്രമായിരുന്നു ആശ്രയം. അതിനാല്‍ തന്നെ കാനം വണ്ടി എന്ന വിളിപ്പേരും സെന്റ് തോമസിനുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള പ്രമുഖരെല്ലാം ഈ ബസിലെ സ്ഥിരം യാത്രക്കാരായിരുന്നു. കൊവിഡ് കാലം മാറ്റി നിര്‍ത്തിയാല്‍ നീണ്ട കാലമൊന്നും സര്‍വീസ് മുടക്കാത്ത ബസ് എന്ന പ്രത്യേകയും സെന്റ് തോമസിനുണ്ട്.
സെന്റ് തോമസ് ബസിന് നാടുമായുള്ള അടുപ്പം വെളിവാക്കുന്ന ഒരു സന്ദര്‍ഭം ചീഫ് വിപ്പ് ജയരാജ് മനോരമ ന്യൂസിനോട് പങ്ക് വെച്ചിരുന്നു. ജയരാജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.. ' സെന്റ് തോമസ് ബസ് ഒരു തിരഞ്ഞെടുപ്പ് കാലത്ത് മാറ്റേണ്ടി വന്നു. ഞാന്‍ എംഎല്‍എയായിരിക്കുന്ന ഒരു കാലഘട്ടത്തിലാണ്. ഒറ്റ ദിവസത്തെ കാര്യമായിരുന്നു. തിരഞ്ഞെടുപ്പിന് വേണ്ടി വണ്ടിയെടുത്തതാണ്.
അന്ന് ഇവിടെയുള്ള ആളുകള്‍ മുഴുവന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു സെന്റ് തോമസ് ഒഴികെ വേറെ ഏത് വണ്ടി വേണമെങ്കിലും എടുക്കാന്‍ കളക്ടറോട് പറയണം എന്ന്. ഒരു ദിവസം പോലും സെന്റ് തോമസ് ബസ് കാണാതിരിക്കാന്‍ കാനംകാര്‍ക്ക് കഴിയില്ല,' ജയരാജ് പറയുന്നു. കാനം റൂട്ടിലേക്ക് ആദ്യമെത്തിയ ബസാണ് സെന്റ് തോമസ് എന്നതിനാലാണ് നാട്ടുകാര്‍ക്ക് ഈ ബസിനോട് പ്രത്യേക താല്‍പര്യം. ആദ്യം കോട്ടയം- കാനം റൂട്ടിലായിരുന്നു സര്‍വീസെങ്കിലും പിന്നീടു ചാമംപതാല്‍ വരെയും തുടര്‍ന്ന് പൊന്‍കുന്നം വരെയും റൂട്ട് നീട്ടി.












Click it and Unblock the Notifications