സുധ ഫിനാന്‍സിലെ മോഷണം ആസൂത്രിതം; പ്രാദേശിക പിന്തുണ ലഭിച്ചോയെന്ന സംശയത്തില്‍ പൊലീസ്
കോട്ടയം: ചിങ്ങവനം കുറിച്ചി മന്ദിരം കവലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ സുധ ഫൈനാന്‍സിലുണ്ടായ കവര്‍ച്ചക്ക് പിന്നില്‍ വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്ന സംശയത്തില്‍ പൊലീസ്. 1.25 കോടിയുടെ പണയ സ്വര്‍ണവും 8 ലക്ഷം രൂപയും മുദ്രപ്പത്രങ്ങളും ആണ് മോഷണം പോയിരിക്കുന്നത്. കവര്‍ച്ചയ്ക്കു പിന്നില്‍ പ്രൊഫഷണല്‍ മോഷ്ടാക്കളാണെന്ന് എസ് പി കെ കാര്‍ത്തിക് അറിയിച്ചു.
ശനിയാഴ്ചയോ ഞായറാഴ്ചയോ രാത്രിയായിരിക്കാം മോഷണം നടന്നത് എന്ന അനുമാനത്തിലാണ് പൊലീസ്. ഈ ദിവസങ്ങളില്‍ രാത്രി കോട്ടയം ഭാഗത്തു നിന്ന് ചങ്ങനാശേരിയിലേക്കും ചങ്ങനാശേരി ഭാഗത്ത് നിന്നു തിരികെയും പോയ വാഹനങ്ങളെപ്പറ്റിയും യാത്രക്കാരെപ്പറ്റിയുമുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സ്ഥാപനത്തിലെ ഇടപാടുകാരേയും പൊലീസ് ചോദ്യം ചെയ്‌തേക്കു. മുദ്രപ്പത്രങ്ങളും മോഷണം പോയതിനാലാണ് ഇത്. സാധാരണ മോഷണങ്ങളില്‍ ഇത്തരം രേഖകള്‍ നഷ്ടപ്പെടാറില്ല. പാറപ്പുറം കുഴിമറ്റം പരമാനന്ദാലയത്തില്‍ എ ആര്‍ പരമേശ്വരന്‍നായരുടെ ഉടമസ്ഥതയിലുള്ളതാണ് സുധ ഫിനാന്‍സ്. 30 വര്‍ഷത്തെ പാരമ്പര്യമുള്ള സുധ ഫിനാന്‍സ് മന്ദിരം കവലയിലെ പുരയ്ക്കല്‍ ബില്‍ഡിങ്ങിലെ രണ്ടാം നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഏഴ് വര്‍ഷം മുന്‍പാണ് ഇവിടേക്ക് പ്രവര്‍ത്തനം മാറ്റിയത്. രണ്ടാം നിലയില്‍ വേറെയും മൂന്ന് മുറികളുണ്ടെങ്കിലും സുധ ഫിനാന്‍സ് മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. താഴത്തെ നിലയില്‍ ക്ലിനിക്കല്‍ ലാബ് ഉള്‍പ്പെടെ 3 സ്ഥാപനങ്ങളാണ് ഉള്ളത്. ഞായറാഴ്ചകളില്‍ ഇവയെല്ലാം അവധിയാണ്. ശനിയാഴ്ച വൈകീട്ട് വരെ സുധ ഫിനാന്‍സ് പ്രവര്‍ത്തിച്ചിരുന്നു. ഞായറാഴ്ചത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്ഥാപനം വൃത്തിയാക്കാന്‍ വന്ന സ്ത്രീയാണ് പൂട്ട് പൊളിച്ച് കിടക്കുന്നത് കണ്ടത്.
അതേസമയം പണവും സ്വര്‍ണവും മറ്റു രേഖകളും സ്ഥാപനത്തില്‍ തന്നെയാണ് സൂക്ഷിക്കുന്നതെന്ന് അറിയാവുന്നവര്‍ മോഷ്ടാക്കളെ സഹായിച്ചിട്ടുണ്ടായിരിക്കാം എന്നും പൊലീസ് സംശയിക്കുന്നു. പ്രദേശത്തെ കുറിച്ച് നന്നായി മനസിലാക്കിയ ശേഷമാണ് മോഷണം നടത്തിയത്. ദിവസങ്ങളോളം ഇവിടെ നിരീക്ഷണം നടത്തിയിട്ടുണ്ടാകുമെന്നാണ് പൊലീസ് അനുമാനം. സ്ഥാപനത്തിലെ സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്‌കും മോഷണം പോയിട്ടുണ്ട്.
എന്നാല്‍ ഡിവിആര്‍ പൊളിച്ചപ്പോള്‍ പതിഞ്ഞ 3 വിരലടയാളങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇലക്ട്രിക് കട്ടറിന്റെ ബ്ലേഡും അതു പൊതിയാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന പത്രക്കടലാസും സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. മോഷണത്തിന് ശേഷം കെട്ടിടത്തിന് സമീപത്തുള്ള സ്വകാര്യവഴിയിലൂടെ അടുത്ത പുരയിടത്തിലേക്കും അവിടെ നിന്ന് ഇടവഴിയും കടന്ന് എം സി റോഡരികിലെ ചെറിയ റബര്‍ത്തോട്ടത്തിലേക്കും കടന്നായിരിക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടതെന്ന് പൊലീസ് കരുതുന്നു.
പൊലീസ് നായയും ഈ വഴിക്കാണ് മണം പിടിച്ച് ഓടിയത്. സുധ ഫിനാന്‍സിന് എതിര്‍വശത്തെ കടയില്‍ സി സി ടി വിയുണ്ട്. എന്നാല്‍ പരസ്യ ബോര്‍ഡിന്റെ മറവും ദൂരക്കൂടുതലും കാരണം ദൃശ്യം പതിഞ്ഞിട്ടില്ല. ഇതെല്ലാം മോഷ്ടാക്കള്‍ മുന്‍കൂട്ടി കണ്ടിട്ടുണ്ടാകാം. സ്ഥാപനത്തിനുള്ളിലും പരിസരപ്രദേശത്തും സോപ്പ് പൊടി വിതറി പൊലീസ് നായയെ കബളിപ്പിക്കാനും മോഷ്ടാക്കള്‍ ശ്രമിച്ചിട്ടുണ്ട്.
ഈ കെട്ടിടത്തിന്റെ പിറകിലാണ് ഉടമസ്ഥര്‍ താമസിക്കുന്നത്. എന്നാല്‍ കുറച്ചു ദിവസമായി ഇവര്‍ ബെംഗളൂരുവിലാണ്. പരമേശ്വരന്‍ നായരുടെ വീടും സ്ഥാപനവും തമ്മില്‍ ഒന്നര കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. പരമേശ്വരന്‍ നായരുടെ മകന്‍ സജി അദ്ദേഹത്തിന്റെ മകന്റെ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച കോയമ്പത്തൂരിലേക്ക് പോയതായിരുന്നു. സ്വര്‍ണാഭരണങ്ങളും പണവും അടങ്ങിയ ലോക്കര്‍ കട്ടര്‍ ഉപയോഗിച്ചു പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications