'ഇങ്ങനെ പോയാല്‍ മൂന്നാം പിണറായി സര്‍ക്കാര്‍ വരും'; ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ തിരുവഞ്ചൂര്‍
കോട്ടയം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് പല ചേരിയായി പിരിഞ്ഞ് നിന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മൂന്നാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് പാര്‍ട്ടി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഐക്യത്തിനായി ത്യാഗം സഹിക്കാന്‍ എല്ലാവരും തയാറാകണം. ഇനി ഒരു ഉപതിരഞ്ഞെടുപ്പിനെ നേരിടാനാണ് പോകുന്നത്. സംസ്ഥാനത്തുള്ള മഹാഭൂരിപക്ഷം ആളുകളും കോണ്‍ഗ്രസിന്റെ സംയുക്ത മുഖം കാണണമെന്ന് ആഗ്രഹിക്കുന്നവരാണ്,' തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അതിന്റെ പഴയ കാലത്തേക്ക് തിരിച്ച് പോകണം എന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

പഴയ കാലം എന്ന് പറയുന്നത് കോണ്‍ഗ്രസ് എല്ലാവരും ഒരുമിച്ച് നിന്നിരുന്ന കാലമാണ്. ചിലര്‍ അവരുടെ അഭിപ്രായങ്ങളും കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റെ അഭിപ്രായങ്ങളും പറയും. സാധാരണക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യം ഒരുമിച്ച് പോയിക്കൂടെ എന്നാണ് എന്നും അത് കേള്‍ക്കാതെ പോകുന്നത് ശരിയല്ല എന്നം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഏറെ കാലമായി കോണ്‍ഗ്രസ് പ്രതിപക്ഷത്താണ് നില്‍ക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ തലയില്‍ കയറി മെതിക്കുന്ന രൂപത്തിലേക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിശ്വരൂപം നടത്തി അക്രമ സ്വഭാവം കാട്ടിക്കൂട്ടുകയാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിച്ച് നില്‍ക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ അറബിക്കടലില്‍ മുങ്ങിത്താഴുന്നതിന് അനുവദിക്കണോ എന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിലാണ് അവര്‍ പ്രതീക്ഷ വെക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഒന്നാം പിണറായി സര്‍ക്കാര്‍ വന്നു. രണ്ടാം പിണറായി സര്‍ക്കാരിലേക്ക് അത് പടര്‍ന്നു. ഇനി ഒരു മൂന്നാം പിണറായി സര്‍ക്കാരിലേക്ക് കൂടി പോകാന്‍ പറ്റുമോ. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഭരണമാറ്റം തന്നെയാണ്. പക്ഷേ ഈ പ്ലാറ്റ്‌ഫോം അതിലേക്ക് പറ്റുന്ന രീതിയില്‍ മാറ്റിയെടുക്കുക എന്നുകടമ നിറവേറ്റാന്‍ അങ്ങോട്ടും ഇങ്ങോട്ടും ത്യാഗം സഹിക്കണം,' തിരുവഞ്ചൂര്‍ പറഞ്ഞു.
അത്തരത്തില്‍ ഒരു ത്യാഗം സഹിക്കണം എന്നാണ് പറയാനുള്ളത് എന്നും അല്ലെങ്കില്‍ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് പാര്‍ട്ടി ദുര്‍ബലമായി പോകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. എല്ലാവരും തുല്യരാണ് എന്ന സമീപനം വേണം. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കേരളം ഒന്നാകെ കരഞ്ഞെന്നും ഈ സാഹചര്യത്തില്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണം എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications