ചതിച്ചത് ഗൂഗിള്‍ മാപ്പ്? കോട്ടയത്ത് കാർ ഓടിയത് തോട്ടിലൂടെ, പിന്നെ മുങ്ങി: യാത്രക്കാർ രക്ഷപ്പെട്ടു
കോട്ടയം: യാത്രക്കാർക്ക് വീണ്ടും പണികൊടുത്ത് ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടില്‍ വീണു. കോട്ടയം കുറുപ്പന്തറയിലാണ് സംഭവം. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ച് ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. തോട്ടില്‍ വീണ കാറിലെ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. ഒരു സ്ത്രീ അടക്കം അഞ്ച് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
കുളത്തില്‍ വീണ കാർ പൂർണ്ണമായും മുങ്ങി. ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്ക് വിനോദ സഞ്ചാരത്തിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന സംഘം ഗൂഗിള്‍ മാപ്പ് നോക്കിയായിരുന്നു യാത്ര ചെയ്തുകൊണ്ടിരുന്നത്. കാർ വെള്ളത്തിലേക്ക് ഇറങ്ങിയതിന് ശേഷമാണ് തോടാണെന്ന് മനസ്സിലായതെന്നാണ് യാത്രക്കാർ പറയുന്നത്. മഴയും കാഴ്ച മറച്ചു.

തോട്ടിലൂടെ ഏകദേശം 150 മീറ്ററോളം മുന്നോട്ട് പോയിരുന്നു. പിന്നീട് തോടിന്റെ ഒരു വശത്ത് കാർ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ യാത്രക്കാർ ഡിക്കി വഴി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഇവർ സമീപത്തെ വീടുകളില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു.
കനത്ത മഴയില്‍ വരുന്ന വഴിയില്‍ പലയിടത്തും റോഡില്‍ വെള്ളമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിറഞ്ഞ് കവിഞ്ഞ തോട് മനസ്സിലായില്ല. യാത്രക്കാരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തിയെങ്കിലും മണിക്കൂറുകളോളം തോട്ടില്‍ കിടന്ന കാർ 11 മണിയോടെ ക്രെയിന്‍ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു. പ്രദേശത്ത് സമാനമായ അപകടകങ്ങള്‍ നേരത്തേയും നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.












Click it and Unblock the Notifications