അംഗീകരിച്ച് ഡിവൈഎഫ്ഐ: നേതൃ നിരയിലേക്ക് ആദ്യ ട്രാൻസ് വുമൺ: ഉത്തരവാദിത്വം ഏറെ അഭിമാനകരം - ലയ
കോട്ടയം: മാറ്റത്തിന് തയ്യാറായി ഡി വൈ എഫ് ഐയും രംഗത്ത്. പാർട്ടിയുടെ നേതൃ നിരയിലേക്ക് ആദ്യ ട്രാൻസ് വുമൺ പ്രാതിനിധ്യം. ഡി വൈ എഫ് ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗമായി ആണ് ട്രാൻസ് വുമണിനെ തിരഞ്ഞെടുത്തത്.
ചങ്ങനാശ്ശേരി സ്വദേശിനി ലയ മരിയ ജെയ്സനാണ് ഈ സ്ഥാനത്തേക്ക് കടന്ന് വന്നത്. ഇക്കഴിഞ്ഞ ദിവസം പാമ്പാടിയിൽ ഡി വൈ എഫ് ഐ യുടെ ജില്ലാ സമ്മേളനം നടന്നിരുന്നു. ഈ സമ്മേളനത്തിൽ ആണ് ലേയയെ ജില്ലാ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കാൻ തീരുമാനമായത്.

30 കാരിയാണ് ലയ. തിരുവനന്തപുരത്ത് സോഷ്യൽ വെൽഫെയർ ബോർഡിൽ പ്രോജക്ട് അസിസ്റ്റൻറ് ആണ്. ഇക്കണോമിക്സിൽ ബിരുദധാരിയാണ് ഈ ട്രാൻസ് വനിത. ചങ്ങനാശ്ശേരിയില എസ് ബി കോളേജിലായിരുന്നു ലയയുടെ പഠനകാലം. ഡി വൈ എഫ് ഐ യുടെ തിരുത്തി മേഖലാ കമ്മറ്റിയിലും ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മറ്റിയിലും ലയ അംഗമായിരുന്നു.
ഒരു പെണ്ണാണ് എന്ന തൻറെ സ്വത്വം പുറം ലോകത്തോട് വെളിപ്പെടുത്തിയത് 2016 ലാണ്. ഇതിന് ശേഷം ഡി വൈ എഫ് ഐ യുടെ പ്രവർത്തനങ്ങളിലേക്ക് ലയ കടന്നു. ഡി വൈ എഫ് ഐ അംഗത്വമെടുത്തത് 2019 ലാണ്. ട്രാൻസ് സമൂഹത്തിന് കിട്ടാത്ത അവകാശങ്ങൾ നേടുന്നതിന് തൻറെ അംഗത്വം കരുത്തു നൽകും എന്ന് ലയ വ്യക്തമാക്കി.
ട്രാൻസ് സമൂഹത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്യുവാനും സമൂഹത്തിന്റെ ശബ്ദം ആകാനും ഇതിലൂടെ സഹായിക്കും. തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്വം ഏറെ അഭിമാനത്തോടെയാണ് കണക്കാക്കുന്നത്. ഈ ഉത്തരവാദിത്വം പൂർണ്ണമായും നിർവഹിക്കുമെന്നും ലയ വ്യക്തമാക്കി.
ഡി വൈ എഫ് ഐ പാർട്ടിയിൽ നിന്നും യാതൊരു തരത്തിലുമുള്ള വിവേചനം തനിക്ക് നേരിടേണ്ടി വന്നിട്ടില്ല. സർക്കാർ സംവിധാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും ട്രാൻസ്ജെൻഡർ സമൂഹത്തെ ചേർത്ത് പിടിച്ചിട്ടിണ്ട്. എന്നാൽ, നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ഇനിയും ഒരുപാട് മാറ്റങ്ങൾ വരേണ്ടത് ഉണ്ടെന്നും ലയ വ്യക്തമാക്കി.












Click it and Unblock the Notifications