ഇന്ധന വില കുറയാന്‍ കാരണം സമരം; മധുര വിതരണവുമായി യൂത്ത് കോണ്‍ഗ്രസ്, ഒപ്പം ജനങ്ങളോട് ഖേദവും
കോട്ടയം: ഇന്ധന വില കുറയാന്‍ കാരണം യൂത്ത് കോണ്‍ഗ്രസിന്റെ സമരമാണെന്ന് അവകാശപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയത്തും വൈറ്റിലയിലും മധുര പരലഹാര വിതരണം നടത്തി. കോട്ടയത്ത് ഗാന്ധി സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ വാഹന യാത്രക്കാര്‍ക്കും വഴി യാത്രക്കാര്‍ക്കും മിഠായിയും ലഡുവും വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുല്‍ മറിയപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. അതേസമയം, ഇന്ധന വില വര്‍ധനവിനെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ കൊച്ചി വൈറ്റിലയില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ യൂത്ത് കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചു. ദീപാവലി തലേന്ന് ഉണ്ടായത് തിന്മയുടെ മേല്‍ നന്മയുടെ വിജയമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വൈറ്റിലയിലെ സമരത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ പറഞ്ഞു.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഇന്ധന വിലയ്ക്ക് എതിരായ സമരങ്ങളുടെ പരിണിത ഫലമാണെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരും നികുതി കുറക്കാന്‍ തയ്യാറാകണം. അതല്ലെങ്കില്‍ തെരുവില്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ദിവസം സമരം നടത്തിയ സ്ഥലത്ത് പ്രവര്‍ത്തകരെത്തി മധുരം വിതരണം ചെയ്തു. അതേസമയം
കേന്ദ്രം വില കുറച്ചെങ്കിലും ഇന്ധന വില സംസ്ഥാനം കുറയ്ക്കില്ലെന്ന് ഉറച്ച നിലപാടില്‍ തന്നെയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച് കേന്ദ്ര സര്‍ക്കാര്‍ നടപടി പോക്കറ്റടിക്കാരന്റെ ന്യായം മാത്രമാണെന്നും ഇന്ധന നികുതിയില്‍ നിന്നുള്ള വരുമാനം വെച്ചാണ് സംസ്ഥാനം പെന്‍ഷനും ശമ്പളവുമടക്കമുള്ള ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതെന്നും കേരളം ആറ് വര്‍ഷത്തിനിടെ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മോദി സര്‍ക്കാര്‍ 2014 ല്‍ അധികാരത്തിലെത്തുമ്പോള്‍ 9.48 രൂപയായിരുന്നു എക്‌സൈസ് നികുതി. അത് പിന്നീട് 32 രൂപ വരെ വര്‍ധിപ്പിച്ച് 10 രൂപ കുറക്കുകയാണ് ചെയ്തതെന്നും പോക്കറ്റിലെ കാശ് മുഴുവന്‍ തട്ടിപ്പറിച്ച് വണ്ടിക്കൂലി തരുന്ന പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചു. ധനമന്ത്രിയുടെ പ്രതികരണം വന്നതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് കോണ്‍ഗ്രസും ബിജെപിയും. കേന്ദ്രം കുറച്ചതിന് അനുപാതികമായി സംസ്ഥാനവും ഇന്ധനനികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചാണ് നികുതി ഭീകരത നടത്തുന്നതെന്നും സംസ്ഥാനവും നികുതി കുറയ്ക്കണമെന്നും ഫ്യുവല്‍ സബ്‌സിഡി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എക്‌സൈസ് തീരുവ കുറക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആനുപാതികമായി നികുതി കുറയ്ക്കണമെന്നമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നികുതി കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇന്ധന വില വര്‍ധനക്കെതിരായ കോണ്‍ഗ്രസ് സമരം സംസ്ഥാനത്തെ ഇടത് സര്‍ക്കാരിന് എതിരെ മാത്രമായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. സുധാകരന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നല്‍കിയിട്ടും കേരള സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രം നികുതി കുറച്ചാല്‍ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാന്‍ ധനകാര്യ മന്ത്രി തയ്യാറാവണമെന്നും. ഇല്ലെങ്കില്‍ ബിജെപി ശക്തമായി പ്രക്ഷോഭം നടത്തുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications