കോഴിക്കോട്ട് വെസ്റ്റ് നെയ്ൽ പനി സ്ഥിരീകരിച്ചു; ആശങ്കപ്പെടാനില്ലെന്ന് അധികൃതർ
കോഴിക്കോട്: അപൂർവമായി മാത്രം കണ്ടുവരുന്ന വെസ്റ്ററ്റ് നൈൽ പനി കോഴിക്കോട്ട് സ്ഥിരീകരിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പാവങ്ങാട് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. എലത്തൂർ സ്വദേശിയായ മറ്റൊരു രോഗിക്കും ഇതേ രോഗമുണ്ടെന്ന് സംശയിക്കുന്നു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ രക്ത പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സംശയിക്കുന്നയാളുടെ രക്തവും പരിശോധനക്ക് അയച്ചിട്ടുണ്ട്. പക്ഷികളിൽ നിന്ന് കൊതുകുകൾ വഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണ് വെസ്റ്റ് നൈൽ പനി. നിപയ്ക്കു പിന്നാലെ മറ്റൊരു പനി കൂടി എത്തിയതോടെ നാട്ടുകാരിൽ ആശങ്ക പരന്നു. എന്നാൽ മരുന്നില്ലെങ്കിലും നനിപ പോലെ അപകടകാരിയല്ല വെസ്റ്റ് നൈൽ എന്ന് ആരോഗ്യ വിദഗ്ദർ അറിയിച്ചു.

കൊതുകുകൾ വഴി പടരുന്ന വൈറസ് രോഗമാണ് വെസ്റ്റ് നൈൽ പനി. രോഗാണു വാഹകരായ പക്ഷികളെ കടിച്ച കൊതുകുകളുടെ ശരീരത്തിൽ വൈറസുകളെത്തും. ആ കൊതുകളിൽ നിന്നാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. രക്ത-അവയവ ദാനത്തിലൂടെയും അമ്മയിൽ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിനും ഗർഭിണിയിൽ നിന്ന് ഗർഭസ്ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം. എന്നാൽ നേരിട്ട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. അതിനാൽ പരിഭ്രാന്തി വേണ്ട. അതേസമയം കൊതുകളെ സംബന്ധിച്ച് നല്ല ജാഗ്രത വേണമെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു.
രോഗം ബാധിച്ച 75 ശതമാനം പേർക്കും ലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല. 20 ശതമാനം പേർക്ക് ചെറിയ പനി, തലവേദന, ഛർദി, തടിപ്പ് എന്നിവ അനുഭവപ്പെടും. ഒരു ശതമാനത്തിൽ കുറവ് പേർക്ക് മസ്തിഷ്ക ജ്വരത്തിനോ മെനിൻജൈറ്റിസിനോ സാധ്യതയുണ്ട്. രക്ത പരിശോധനയിലൂടെ രോഗം തിരിച്ചറിയാം. അസുഖം ഭേദമാകാൻ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ എടുക്കും. രോഗം നാഡീകളെ ബാധിച്ചാൽ 10 ശതമാനം വരെ മരണ സാധ്യതയുമുണ്ട്. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് രോഗം കൂടുതലായി കാണുന്നത്. 1937 ൽ ഉഗാണ്ടയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. 1999ൽ വടക്കേ അമേരിക്കയിലാണ് രോഗം തിരിച്ചറിഞ്ഞത്.












Click it and Unblock the Notifications