ഐസ്ക്രീമില്‍ വിഷം കലർത്തി ലക്ഷ്യം വെച്ചത് സഹോദര ഭാര്യയെ: മരിച്ചത് 12-കാരന്‍, പ്രതി താഹിറ പിടിയില്‍
കോഴിക്കോട്: കൊയിലാണ്ടിയില്‍ ഐസ്ക്രീം കഴിച്ചുള്ള പന്ത്രണ്ട് വയസ്സുകാരന്റെ മരണം കൊലപാതകം. അരിക്കുളം കോറോത്ത് മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് ഹസന്‍ റിഫായിയാണ് കഴിഞ്ഞ ദിവസം ഐസ്ക്രീം കഴിച്ചതിന് പിന്നാലെ മരിച്ചത്. സംഭവത്തില്‍ മുഹമ്മദലിയുടെ സഹോദരി താഹിറ (38)യെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. മരണ കാരണം കൊലപാതകമാണെന്ന സംശയം ഉയർന്നതിനെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ശക്തമാക്കുകയായിരുന്നു.
മരണത്തിലെ ദൂരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ കൂട്ടായ്മയും മുന്നോട്ട് വന്നു. ചില സൂചനകള്‍ ലഭിച്ചതോടെ കുടുംബാംഗങ്ങളെ തന്നെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. അരിക്കുളത്തെ കടയിൽ നിന്നും വാങ്ങിയ ഐസ്ക്രീം കുട്ടി കഴിച്ചിരുന്നു, തുടർന്ന് ഛർദിയുണ്ടാവുകയും, വീടിനു സമീപം മുത്താമ്പിയിലെ ക്ലിനിക്കിലും, മേപ്പയൂരിലും, ചികിത്സ തേടിയിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിലെക്ക് റഫർ ചെയ്തു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽവേശപ്പിച്ചെങ്കിലും, രാവിലെയോടെ മരണമടയുകയായിരുന്നു.

ഐസ് ക്രീമിൽ എലിവിഷം ചേർത്തിയതാണ് മരണ കരണമെന്ന് പരിശോധനയില്‍ വ്യക്തമായതായി പൊലീസ് പറയുന്നത്. ഫാമിലി പാക്ക് ഐസ്ക്രീമിലാണ് വിഷം ചേർത്തത്. മുഹമ്മദലിയുടെ ഭാര്യയെ ലക്ഷ്യം വെച്ചായിരുന്നു വിഷം ചേർത്തതെന്ന് ചോദ്യം ചെയ്യലിൽ താഹിറ സമ്മതിച്ചു. എന്നാൽ അവർ വീട്ടിൽ ഇല്ലാതിരുന്നതിനെ തുടർന്ന് മകൻ ഇത് കഴിക്കുകയായിരുന്നു. സമീപത്തെ വീടുകളിലാണ് രണ്ട് കുടുംബവും താമസിക്കുന്നത്. താഹിറക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
കുട്ടി മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, പോലീസ്, ഫോറൻസിക് വിഭാഗം ചേർന്ന് അരിക്കുള്ളത്തെ ഐസ് ക്രീം വിറ്റ കടയിൽ നിന്നും സാമ്പിൾ എടുത്ത്പരിശോധിച്ച ശേഷം കട അടപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എലിവിഷത്തില്‍ ഉപയോഗിക്കുന്ന അമോണിയം ഫോസ്ഫറസിൻ്റെ അംശം കണ്ടെത്തി. ഇതേതുടർന്ന് കൊയിലാണ്ടി പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നു ദിവസമായി നിരവധി പേരെ പോലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് പ്രതിയിലേക്ക് എത്തിയത്. വ്യക്തി വൈരാഗ്യത്തിൻ്റെ പേരിലാണ് മുഹമ്മദലിയുടെ സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പ്രതി നല്‍കിയ മൊഴി. കോഴിക്കോട് റുറൽ ജില്ലാ പോലീസ് മേധാവി ആർ കറപ്പസാമിയുടെ നേതൃത്വത്തിൽ ഡി വൈ എസ് പി ആർ ഹരിപ്രസാദ്, സി ഐ കെ സി സുബാഷ് ബാബു, എസ് ഐ വി അനീഷ്, പി എം ശൈലേഷ്, ബിജു വാണിയംകുളം, സി പി ഒ കരീം, ഗംഗേഷ്, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ ശോഭ, രാഖി, എസ്സി പി ഒ, ബിനീഷ്, എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.












Click it and Unblock the Notifications