കോഴിക്കോട്ട് ദുരിതബാധിതരുടെ എണ്ണമേറുന്നു; പതിനയ്യായിരം പേർ ക്യാംപുകളിൽ
കോഴിക്കോട്: കനത്തു പെയ്യുന്ന മഴയിൽ ജില്ലയില്‍ ഇരുപതിനായിരത്തോളം പേര്‍ ദുരിതബാധിതര്‍. ഇതിൽ പതിനഞ്ചായിരത്തോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. 6700 ഓളം പേര്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലുള്ളവരാണ്. അയ്യായിരത്തോളം ആളുകളെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. കോര്‍പറേഷന്‍ പരിധിയിലെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷാബോട്ടുകളിലാണ് ക്യാമ്പുകളിലെത്തിച്ചത്.
മിക്ക കുടുംബങ്ങള്‍ക്കും വീട്ടുപകരണങ്ങളും ഭൂരേഖകളും ഉള്‍പ്പെടെ നഷ്ടപ്പെട്ടതായി ഒഴിപ്പിക്കപ്പെട്ടവർ പറഞ്ഞു. കുട്ടികളുടെ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ടു. ജില്ലയില്‍ നാല് താലൂക്കുകളിലെ 67 വില്ലേജുകളിലായി 172 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 4235 കുടുംബങ്ങളില്‍ നിന്നായി 14014 പേരാണ് കഴിയുന്നത്. കോഴിക്കോട് താലൂക്കില്‍ 32 വില്ലേജുകളിലായി നിലവില്‍ 107 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 2594 കുടുംബങ്ങളില്‍ നിന്നും 8151 പേരാണ് താമസിക്കുന്നത്.

കൊയിലാണ്ടി താലൂക്കില്‍ 16 വില്ലേജുകളിലായി 22 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 306 കുടുംബങ്ങളില്‍ നിന്നായി 1128 ആളുകള്‍ താമസിക്കുന്നുണ്ട്. വടകര താലൂക്കില്‍ 19 ക്യാമ്പുകളിലായി 398 കുടുംബങ്ങളില്‍ നിന്നും 1654 പേര്‍ താമസിക്കുന്നു. ഉണ്ടന്‍ചാലില്‍ ലക്ഷ്മി അമ്മയുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഏറാമല വില്ലേജില്‍ 30ഓളം കുടുംബങ്ങളെയും നടക്ക്താഴെ വില്ലേജില്‍ 18 കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. താമരശ്ശേരി താലൂക്കില്‍ 10 വില്ലേജില്‍ 26 കേന്ദ്രങ്ങളിലായി 937 കുടുംബങ്ങള്‍ താമസിക്കുന്നു. 3081 പേരാണ് ഇവിടെ താമസിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ദുരന്ത മേഖലകളിലേക്കും യാത്ര ചെയ്യുന്നതിന് ആവശ്യത്തിന് വാഹനങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ സന്നദ്ധതയുളളവര്‍ താലൂക്ക്, കലക്ടറേറ്റ് കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വടകര(8547616301) കൊയിലാണ്ടി (8547616201), കോഴിക്കോട്,(8547616101) താമരശ്ശേരി (8547618455) താലൂക്ക് ഓഫീസുകളിലോ കളക്ടറേറ്റില്‍ 9446841194 (ജൂനിയര്‍ സൂപ്രണ്ട്), 8113900224 (ക്ലാര്‍ക്ക്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications