കോഴിക്കോട്ട് 40 കിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ, കോഴിക്കോട് വിതരണക്കാരെ തേടി പോലീസ്!
കോഴിക്കോട്: റെയിൽവേ പ്ലാറ്റ് ഫോമിൽ നിന്ന് 40 കിലോ കഞ്ചാവുമായി ആന്ധ്രാ സ്വദേശി പിടിയിൽ. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ആന്ധ്രയിലെ മണ്ഡലം ജില്ലയിലെ മായലംതോട്ടയിൽ കുനെ സുബറാവു (50)വിനെയാണ് ജില്ലാ ആന്റി നാർകോട്ടിക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സും (ഡൻസാഫ്) റെയിൽവേ പോലീസും ചേർന്ന് പിടികൂടിയത്.
നേരത്തെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയിൽ വേയിൽ സംഘം പരിശോധന ആരംഭിച്ചത്. പത്ത് കിലോയുടെ നാല് പാക്കറ്റുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർക്കായി അന്വേഷണം തുടരുകയാണെന്ന് സിഐ എംകെ കീർത്തി ബാബു പറഞ്ഞു. ആന്ധ്രയിലെ വിജയവാഡക്ക് സമീപത്തെ ഗ്രാമത്തിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്.

നേരത്തെ രണ്ടു മലയാളികൾ ഇവിടെയെത്തി കച്ചവടം ഉറപ്പിച്ചിരുന്നു. ഇതനുസരിച്ച് ഇവർക്ക് സാധനം എത്തിച്ചു കൊടുക്കുന്നയാളാണ് പിടിയിലായ സുബറാവു. രണ്ട് മാസം മുമ്പും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നു. കോഴിക്കോട്ടും സമീപ പ്രദേശത്തുമുള്ള മൊത്ത വില്പനക്കാർക്കുള്ള കഞ്ചാവാണ് എത്തിച്ചത്. സുബറാവുവിന്റെ കൂടെയുള്ള രണ്ടു പേർ ട്രെയിനിലുണ്ടായിരുന്നു.
കോഴിക്കോടെത്തിയപ്പോൾ ഇവിടെയുള്ളവർക്ക് സാധനം കൊടുക്കാനായി പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയപ്പോഴാണ് സുബറാവു പിടിയിലായത്. ഇയാളുടെ കൈയിൽ നിന്നും വിതരണക്കാരുടെ ഫോൺ നമ്പറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു. ഡി.വൈ.എസ്.പി ഷറഫുദ്ദീൻ, സി.ഐ. എം.കെ. കീർത്തി ബാബു, എസ്.ഐമാരായ പി. ജംഷീദ്, സക്കീർ അഹമ്മദ്, സീനിയർ സി.പി.ഒ. വി.എ. ജോസഫ്, സി.പി.ഒമാരായ എൻ.കെ. സതീഷ് കുമാർ, സി. വിജയാനന്ദ്, ഷംസീറലി, എ.എസ്.ഐമാരായ സതീഷ്, സുനിൽ കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.












Click it and Unblock the Notifications