ട്രെയിൻ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാറുണ്ടോ?ശ്രദ്ധിക്കണം ഈ തട്ടിപ്പ് ; 60കാരന് 4 ലക്ഷം നഷ്ടമായി
കോഴിക്കോട്: ഓൺലൈൻ ആയി ട്രെയിൻ ടിക്കറ്റ് എടുക്കുന്നത് ഇപ്പോൾ സാധാരണമാണ്. എന്നാൽ ഓൺലൈൻ ആയി എടുത്ത ടിക്കറ്റ് ക്യാൻസെൽ ചെയ്യാൻ ശ്രമിക്കുന്നതിനിടെ നടക്കാവ് വണ്ടിപ്പേട്ട സ്വദേശിയുടെ പണം നഷ്ടപ്പെട്ടതായി പരാതി. കേസിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു. സേവിംഗ്സ് ബാങ്ക്, സ്ഥിര നിക്ഷേപ അക്കൗണ്ടുകളിൽ നിന്നായി 4,50,919 രൂപയാണ് 60 കാരന് നഷ്ടം ആയത്.
സംഭവത്തിന് പിന്നാലെ കൂടുതൽ പണം നഷ്ടപ്പെടരുതെന്ന് കരുതി ഫോണിലെ ഡാറ്റ മുഴുവൻ ഇയാൾ ഫോർമാറ്റ് ചെയ്തെന്നും അത് തിരിച്ചു പിടിക്കാനുള്ള ശ്രമം ആണ് നടക്കുന്നതെന്നും സൈബർ പോലീസ് പറഞ്ഞു. സൈബർ പോലീസ് എസ് ഐ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

3 രഹസ്യ കോഡുകളും രണ്ട് ഒ ടി പി കോഡും ഉൾപ്പെടെയുള്ള സുരക്ഷ മറികടന്നുള്ള തട്ടിപ്പ് ആദ്യത്തേത് ആണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ഒന്നാം തയതി ആണ് സംഭവം. വന്ദേ ഭാരത് ട്രെയിനിൽ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്തതിന് പിന്നാലെയാണ് തട്ടിപ്പ് നടന്നത്.
ഷൊർഷൂരിലേക്ക് പോകാനാണ് ഇയാൾ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ ക്യാൻസൽ ചെയ്യേണ്ടി വന്നു. ക്യാൻസൽ ചെയ്ത തുകയായ 300 രൂപ അക്കൗണ്ടിൽ എത്തി. ബാക്കി തുകയ്ക്കായി ഇന്ത്യൻ റെയിൽവേയുടെ അംഗീകൃത ഐആർടിസി സൈറ്റിൽ കയറാൻ നോക്കുകയും ചെയ്തു.
ലഭ്യമായ സൈറ്റിൽ പ്രവേശിച്ചപ്പോൾ ഒരു ടോൾഫ്രീ നമ്പർ ലഭിക്കുകയും നമ്പറിൽ ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് അവർ ഒരു വൈബ്സൈറ്റ് അയച്ചു നൽകുകയും റെസ്റ്റ് ഡെസ്ക് എന്നി ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇതിൽ ആവശ്യപ്പെട്ട ഒ.ടി.പി നമ്പറുകൾ നൽകിയതിന് പിന്നാലെ ടിക്കറ്റ് ക്യാൻസൽ ചെയ്ത പണം അക്കൗണ്ടിൽ തിരിച്ചെത്തിയതായി മെസേജ് വന്നു.
അക്കൗണ്ട് നോക്കിയപ്പോഴാണ് 50000 രൂപ പിൻവലിച്ചതായി കണ്ടത്. പിന്നാലെ മെസേജും വന്നു സെക്കന്റുകൾക്കകം വീണ്ടും 50000 രൂപ പിൻവലിച്ചു. തൊട്ട് പിന്നാലെ ബാങ്കിലെത്തി മാനേജർക്ക് പരാതി നൽകി. അക്കൗണ്ട് പരിശോധിച്ചപ്പോൾ 4 തവണയായി സ്ഥിര നിക്ഷേപത്തിലെ 4,50919 നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സർക്കാർ ടെക്നിക്കൽ വകുപ്പിൽ നിന്ന് വിരമിച്ച ശേഷം വിദേശത്ത് ജോലി ചെയ്യുന്ന ആൾക്കാണ് പണം പോയത്.












Click it and Unblock the Notifications