വിദ്യാര്‍ത്ഥിനിക്ക് എംഡിഎംഎ എത്തിച്ചത് 19കാരന്‍; കുടുക്കി പൊലീസ്, ഞെട്ടിക്കുന്ന വിവരങ്ങള്‍
സോഷ്യല്‍ മീഡിയ വഴി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ലഹരി വില്‍പ്പന നടത്തുന്ന സംഘങ്ങളുമായി യുവാവിന് ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ ലഹരിക്കടത്തിന് വേണ്ടി ഉപയോഗിച്ച സംഭവം എല്ലാവരെയും ഞെട്ടിച്ചിരുന്നു. മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ച കോഴിക്കോട്ടുള്ള ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ലഹരി ഇടപാടുകാര്‍ ആദ്യം സൗജന്യമായും പിന്നീട് തന്നെ മയക്കുമരുന്ന് കാരിയറാക്കിയെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ കുട്ടിക്ക് ലഹരി മരുന്ന് എത്തിച്ച് നല്‍കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

19കാരൻ
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ 19കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ്‍കുട്ടിക്ക് ലഹരി എത്തിച്ച് നല്‍കിയ ഒരാള്‍. ലഹരി മരുന്ന് ഉപയോഗിക്കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത് ഇയാളാണ്. സോഷ്യല്‍ മീഡിയ വഴി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ലഹരി വില്‍പ്പന നടത്തുന്ന സംഘങ്ങളുമായി യുവാവിന് ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

വിദ്യാര്‍ത്ഥിനിയുടെ അയല്‍വാസിയെ
കേസുമായി ബന്ധപ്പെട്ട് നേരത്തെ വിദ്യാര്‍ത്ഥിനിയുടെ അയല്‍വാസിയെ ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് യുവാവിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ലഹരി മാഫിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിച്ചെന്നാണ് സൂചന. യുവാവിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കാം.

പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്
കോഴിക്കോട്ടെ ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. മൂന്ന് വര്‍ഷത്തോളം മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ചെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. സ്‌കൂളില്‍ പഠിച്ചു പോയവര്‍ക്കൊക്കെ മയക്കുമരുന്ന് എത്തിച്ച് നല്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

ഡി അഡിക്ഷന്‍ സെന്ററിലേക്ക്
ബംഗളൂരുവില്‍ പോയപ്പോള്‍ അവിടെയും ആളുണ്ടെന്നും അവിടെ നിന്നും മയക്കുമരുന്ന് കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു. മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് ആക്കിയിരുന്നു. മാസങ്ങളോളം നീണ്ടുനിന്ന കൗണ്‍സിലിംഗും മറ്റ് ചികിത്സയിലൂടെയാണ് കുട്ടിയെ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് മുക്തയാക്കിയത്.

മുറിവ് കണ്ട് സംശയം തോന്നിയ വീട്ടുകാര്‍
മയക്കുമരുന്ന് ഉപയോഗിക്കാനായി കയ്യിലുണ്ടാക്കിയ മുറിവ് കണ്ട് സംശയം തോന്നിയ വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയത്. പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് അസി. കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്ന് കമ്മിഷണര്‍ അറിയിച്ചു.












Click it and Unblock the Notifications