കോയമ്പത്തൂര്‍ സ്‌ഫോടനം; മഅദനിയെ വെറുതെ വിട്ട് കോഴിക്കോട് കോടതി, മറ്റു 3 പേരും കുറ്റവിമുക്തര്‍
കോഴിക്കോട്: കോയമ്പത്തൂര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടു. കോഴിക്കോട് സെഷന്‍സ് കോടതിയാണ് വെറുതെവിട്ടത്. പ്രതികള്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് കണ്ടാണ് കോടതി നടപടി. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ മഅദനിയെ നേരത്തെ തമിഴ്‌നാട് കോടതി വെറുതെവിട്ടിരുന്നു.
കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ കേസ് അവസാനിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും കോഴിക്കോട്ടെ കേസ് തുടരുകയായിരുന്നു. മഅദനി ഉള്‍പ്പെടെ നാല് പേരായിരുന്നു കേസിലെ പ്രതികള്‍, മഅദിനി നാലാമത്തെ പ്രതിയായിരുന്നു. പ്രതികളെ പാകിസ്താനിലേക്ക് അയക്കാന്‍ ശ്രമിച്ചു, ആയുധം നല്‍കി തുടങ്ങിയ ആരോപണങ്ങളാണ് മഅദനിക്കെതിരെ ഉയര്‍ന്നിരുന്നത്.

കോഴിക്കോട് കസബ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എടി മുഹമ്മദ് അഷറഫ് മാറാട്, എംവി സുബൈര്‍ പയ്യാനക്കല്‍, അയ്യപ്പന്‍, മഅദനി എന്നിവരായിരുന്നു പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതിയിലായിരുന്നു കേസ് നടപടികള്‍.
കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി 25 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. സ്‌ഫോടനം കഴിഞ്ഞ ശേഷം ആയുധങ്ങളുമായി രണ്ടു പേര്‍ കോഴിക്കോട് പുതിയ സ്റ്റാന്റില്‍ പിടിയിലായതാണ് കേസിന് കാരണമായി പറഞ്ഞിരുന്നത്. സ്‌ഫോടന കേസിലെ പ്രതി മജീദ് എന്ന ഊമ ബാബുവിനെ 1998 മാര്‍ച്ചില്‍ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയളെ ചോദ്യം ചെയ്തപ്പോള്‍ പതിവായി കോഴിക്കോട് വരാറുണ്ടായിരുന്നുവെന്നും കോഴിക്കോട്ടുകാരായ ചിലര്‍ ആയുധങ്ങള്‍ നല്‍കിയെന്നും മൊഴി ലഭിച്ചു എന്നായിരുന്നു പോലീസ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് അഷ്‌റഫ്, സുബൈര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് തോക്ക് പിടിച്ചെന്നും ആരോപണം ഉയര്‍ന്നു. മഅദനിക്ക് വേണ്ടി അഡ്വ. അശോകനാണ് ഹാജരായത്. മറ്റു പ്രതികള്‍ക്ക് വേണ്ടി അഡ്വ. കെപി മുഹമ്മദ് ഷരീഫ് ഹാജരായി.












Click it and Unblock the Notifications