നിരവധി കേസുകളിലെ പ്രതി, ജാമ്യത്തിലിറങ്ങിയും ബൈക്ക് മോഷ്ടിച്ചു; പ്രതി അറസ്റ്റില്‍
കോഴിക്കോട്: ക്ഷേത്ര കവർച്ചകളുൾപ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് വാഹന മോഷണ കേസില്‍ പിടിയില്‍. കുറ്റിക്കാട്ടൂര്‍ കീഴ്മഠത്തില്‍ മീത്തല്‍ മുഹമ്മദ് തായിഫ് (19) ആണ് പിടിയിലായത്. നേരത്തേയുള്ള കേസുകളില്‍ ജാമ്യത്തിലിറങ്ങി കഴിയുമ്പോഴായിരുന്നു പുതിയ മോഷണം.
ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെ കുറ്റിയില്‍ താഴത്തുള്ള വീട്ടില്‍ നിര്‍ത്തിയിട്ട ഒന്നരലക്ഷം രൂപയുടെ ബൈക്കാണ് പ്രതിയും സംഘവും ചേര്‍ന്ന് കവര്‍ന്നത്. സംഭവത്തില്‍ പൊക്കുന്ന് സ്വദേശിയായ അക്ഷയും ഫറോക്ക് സ്വദേശി മുഹമ്മദ് ഫായിസും നേരത്തേ പിടിയിലായിരുന്നു. കൂട്ടാളികള്‍ പിടിയിലായതറിഞ്ഞ് തായിഫ് ഒളിവില്‍ പോവുകയായിരുന്നു.

ജില്ലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതിനെത്തുടര്‍ന്ന് പ്രതി അയല്‍ ജില്ലകളില്‍ രഹസ്യമായി താമസിക്കുകയായിരുന്നു. എന്നാല്‍ കോഴിക്കോട് സിറ്റിയില്‍ ഇടക്കിടെ വരാറുണ്ടെന്ന് ഡെപ്യൂട്ടി കമീഷണര്‍ കെ.ഇ. ബൈജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സിറ്റി ക്രൈം സ്‌ക്വാഡ് പാളയം മാര്‍ക്കറ്റ് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതിനിടെ പ്രതി വലയില്‍ വീഴുകയായിരുന്നു.
ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കസബ സബ് ഇൻസ്പെക്ടർ എം.കെ.റസാഖ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, കസബ സ്റ്റേഷൻ സീനിയർ സിപിഒ രജീഷ് അന്നശ്ശേരി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications