'മുന്‍കൂട്ടി അറിയിച്ചില്ല, ഷക്കീലയാണ് അതിഥിയെന്ന് അറിഞ്ഞത് പോസ്റ്ററില്‍ നിന്ന്'; വിശദീകരണം
കോഴിക്കോട്: സംവിധായകന്‍ ഒമര്‍ ലുലുവിന്റെ നല്ല സമയം ട്രെയിലര്‍ ലോഞ്ച് അവസാന നിമിഷം റദ്ദാക്കിയെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍. ചെറിയ പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്നാണ് സംവിധായകന്‍ അറിയിച്ചത്. നടി ഷക്കീല പങ്കെടുക്കുന്ന കാര്യം അവസാന നിമിഷമാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തപ്പോഴാണ് അറിഞ്ഞതെന്ന് ഹൈലൈറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ തന്‍വീര്‍ അറിയിച്ചു.
അതിഥികളുണ്ടെങ്കില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതുണ്ട്. മുന്‍കൂട്ടി ചെയ്യേണ്ട പല നടപടികളുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു. സിനിമാ പ്രൊമോഷന്റെ കാര്യം പറഞ്ഞുകൊണ്ട് സംവിധായകന്‍ ഒമര്‍ ലുലു വെള്ളിയാഴ്ച്ച രാവിലെയാണ് വിളിക്കുന്നത്. ചെറിയ പരിപാടിയായിരിക്കുമെന്നാണ് അറിയിച്ചത്. സെലിബ്രിറ്റികളോ ഗസ്റ്റുകളോ ഉണ്ടാവില്ലെന്നാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. നടി ഷക്കീല ഉണ്ടാവുമെന്ന കാര്യം പറഞ്ഞിരുന്നില്ല.

വൈകുന്നേരം 5.30 ന് ശേഷം ഇത് സംബന്ധിച്ച് ഒരു പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. അപ്പോഴാണ് ഷക്കീല അതിഥിയായി എത്തുന്ന കാര്യം അറിയുന്നത്. പരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട ശേഷം പല തവണ ഒമറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സെലിബ്രിറ്റി ലിസ്റ്റ് ഷെയര്‍ ചെയ്യുന്നതിന് വേണ്ടിയായിരുന്നു വിളിച്ചത്. എന്നാല്‍ സ്റ്റുഡിയോയില്‍ മറ്റ് വര്‍ക്കുകളുടെ തിരക്കിലായിരുന്നു ഒമര്‍ എന്ന് തന്‍വീര്‍ പറഞ്ഞു.
നടി ഷക്കീല പങ്കെടുക്കുകയാണെങ്കില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാവുമെന്ന ആലോചന ഞങ്ങള്‍ക്കുണ്ടായിരുന്നു. മുമ്പ് ഇത്തരത്തില്‍ താരങ്ങളെ വെച്ച് നടത്തിയ എല്ലാ പരിപാടികള്‍ക്കും വലിയ ആള്‍ത്തിരക്കുണ്ടായിരുന്നു. പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതലാണ് ആളുകളുടെ പ്രതികരണം. നേരത്തെ നടത്തിയ സിനിമാ പ്രമോഷനില്‍ ഒരു നടി മോശം അനുഭവം നേരിട്ടിരുന്നു. അത് കൂടി പരിഗണിച്ചാണ് തീരുമാനമെന്ന് തന്‍വീര്‍ പറഞ്ഞു .
അതേസമയം, ഷക്കീലയെ പരിപാടിയില്‍ പങ്കെടുപ്പിക്കാത്ത സംഭവത്തില്‍ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ഉയരുന്നത്. ഇന്ന് വൈകീട്ട് 7.30 ന് കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത് എന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. എന്നാല്‍ ഷക്കീലയാണ് മുഖ്യാതിഥി എന്ന് അറിഞ്ഞതോടെ അധികൃതര്‍ എതിര്‍പ്പ് അറിയിക്കുകയായിരുന്നു എന്നും അവര്‍ പറയുന്നു.അതേസമയം ഇത് ആദ്യമായി നടക്കുന്നതല്ല, ഇത് കാലാകാലമായി തന്റെ കാര്യത്തില്‍ നടക്കുന്ന വിഷയമാണെന്നായിരുന്നു ഷക്കീലയുടെ പ്രതികരണം .












Click it and Unblock the Notifications