മരുന്ന് മാറി കുത്തിവെച്ച് രോഗി മരിച്ചെന്ന ആരോപണം: വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് മാറി കുത്തിവെച്ചതിനെ തുടർന്ന് രോഗി മരിച്ചെന്ന ബന്ധുക്കളുടെ ആരോപണണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതർ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ മരുന്ന് മാറിയിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും വിശദമായ അന്വേഷണ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
കുടരിഞ്ഞി ചളറപ്പാറ സ്വദേശി കെ ടി സിന്ധുവായിരുന്നു കഴിഞ്ഞ ദിവസം രാവിലെ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. നാല്പത്തിയഞ്ചു വയസ്സായിരുന്നു. മരുന്ന് മാറി കുത്തിവെച്ചതിനാലാണ് മരണം സംഭവിച്ചതെന്നാണ് സിന്ദുവിന്റെ ബന്ധുക്കളുടെ ആരോപണം. യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കൽ കോളേജ് പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 304 എ എന്ന വകുപ്പ് ചേർത്താണ് കേസെടുത്തിരിക്കുന്നത്.

പനിയെത്തുടർന്നായിരുന്നു സിന്ധു ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തില്‍ കാണിച്ച യുവതിയെ പനി കൂടുതലായതിനാൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ ഇൻജെക്ഷൻ എടുത്ത ശേഷം യുവതിയുടെ പൾസ് കുറയുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇവർ അവകാശപ്പെടുന്നുണ്ട്.
ആരോപണം ഉയർന്നതിനെ തുടർന്ന് പോസ്റ്റുമോർട്ട് ചെയ്തതിന് ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മിനിഞ്ഞാന്ന് വൈകിട്ട് നൽകിയ അതേ മരുന്ന് തന്നെയാണ് ഇന്നലെ രാവിലെയും സിന്ധുവിനെ നൽകിയതെന്നും മരണ കാരണം എന്താണെന്ന് വ്യക്തമല്ലെന്നുമാണ് മെഡിക്കല്‍ കോളേജ് അധികൃതർ നല്‍കുന്ന വിശദീകരണം.












Click it and Unblock the Notifications