മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങിയ 15കാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം; അംബുലന്‍സ് ഡ്രൈവറെ തേടി പൊലീസ്
മാവൂര്‍: ദുരന്ത ലഘൂകരണ മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങുന്ന 15കാരന് നേരെ ലൈംഗിക അതിക്രമം. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിയ ആംബുലന്‍സ് ഓടിച്ചയാള്‍ വാഹനത്തില്‍ വച്ചും തുടര്‍ന്ന് ഇയാളുടെ സ്വന്തം കാറില്‍ വച്ചും പ്രകൃതി വിരുദ്ധ പീഡനം നടത്തയെന്നാണ് പരാതയില്‍ പറയുന്നത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ ദുരന്ത ലഘൂകരണ മോക്ഡ്രില്‍ ജില്ലയിലെ നാല് താലൂക്കുകളിലും ജില്ല തലത്തിലും സംഘടിപ്പിച്ചരുന്നു.
കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലാണ് മോക്ഡ്രില്‍ നടന്നത്. ഇത് കഴിഞ്ഞ് മടങ്ങിയ 15കാരന് നേരെയാണ് പ്രകൃതി വിരുദ്ധ പീഡനം ഉണ്ടായത്. പീഡനം നടന്നുവെന്ന രക്ഷിതാവിന്റെ പരാതിയില്‍ മാവൂര്‍ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് രേഖപ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

കാലവര്‍ഷത്തിനു മുന്നോടിയായുള്ള ദുരന്ത ലഘൂകരണ നടപടികളുടെ ഭാഗമായാണ് ഡിസംബര്‍ 29 ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മോക് ഡ്രില്‍ നടത്തിയത്. കോഴിക്കോട് ജില്ലയില്‍ അഞ്ചിടങ്ങളിലാണ് മോക് ഡ്രില്‍ നടന്നത്. കോഴിക്കോട് ജില്ലയിലെ നാലു താലൂക്കുകളിലും ജില്ലാതലത്തിലും പ്രളയവുമായി ബന്ധപ്പെട്ടാണ് മോക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചത്. കോഴിക്കോട് താലൂക്കില്‍ മാവൂര്‍ പഞ്ചായത്തിലും താമരശ്ശേരി താലൂക്കില്‍ കൊടുവള്ളി മുനിസിപ്പാലിറ്റിയിലും കൊയിലാണ്ടി താലൂക്കില്‍ അരിക്കുളം പഞ്ചായത്തിലും വടകര താലൂക്കില്‍ തിരുവള്ളൂര്‍ പഞ്ചായത്തിലും മോക് ഡ്രില്ലുകള്‍ നടന്നു .
ജില്ലാ തലത്തില്‍ ഒളവണ്ണ പഞ്ചായത്തിലാണ് മോക് ഡ്രില്‍ നടന്നത് . പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള ജില്ലകളില്‍ ഇവ എങ്ങനെ പ്രതിരോധിക്കാം എന്നത് സംബന്ധിച്ചാണ് മോക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചത്. മോക് ഡ്രില്ലുകള്‍ക്ക് മുന്നോടിയായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന തല ടേബിള്‍ ടോപ് എക്‌സസൈസ് നടത്തി . ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം യോഗത്തില്‍ വിലയിരുത്തി. ജില്ലകളില്‍ മോക്ക്ഡ്രില്‍ നടത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍, വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍, ഏകോപനം, ഒരുക്കങ്ങള്‍, കണ്‍ട്രോള്‍ റൂം, ആശയവിനിമയ ഉപാധികളുടെ ഉപയോഗം , തുടങ്ങിയവ വിലയിരുത്തിയിരുന്നു.












Click it and Unblock the Notifications