ട്രെയിന്‍ കിട്ടിയില്ല; എറണാകുളത്തേക്ക് ആംബുലന്‍സില്‍ യാത്ര; ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് പയ്യോളിയില്‍ നിന്ന് എറണാകുളത്തേക്ക് ആംബുലന്‍സ് യാത്ര നടത്തിയവര്‍ പിടിയില്‍. രണ്ട് യുവതികളാണ് ആംബുലന്‍സില്‍ യാത്ര ചെയ്തത്. അതേസമയം ആംബുലന്‍സ് മലപ്പുറം തേഞ്ഞിപ്പലത്ത് വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. പയ്യോളിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് ഇത്തരത്തില്‍ യാത്ര നടക്കുന്നുണ്ടെന്ന് പോലീസിനെ അറിയിച്ചത്.
തുറയൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ ആംബുലന്‍സിലായിരുന്നു യുവതികള്‍ യാത്ര ചെയ്തത്. എത്രയും പെട്ടെന്ന് എറണാകുളത്ത് എത്തിക്കണം, പണം നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് സ്ത്രീകള്‍ ആംബുലന്‍സ് വിളിച്ചത്.പയ്യോളിയിലെ ആംബുലന്‍സ് ഡ്രൈവര്‍ സ്ത്രീകളുടെ ആവശ്യത്തെ നിരസിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് ഇവര്‍ ഓട്ടോ മാര്‍ഗം തുറയൂരില്‍ എത്തുകയായിരുന്നു. അവിടെ നിന്ന് പാലിയേറ്റീവിന്റെ ആംബുലന്‍സില്‍ എറണാകുളത്തേക്ക് യാത്ര പുറപ്പെടുകയായിരുന്നു.

അതേസമയം സ്ത്രീകളെ തുറയൂരില്‍ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവര്‍ പയ്യോളിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരോട് എല്ലാ കാര്യങ്ങളും വിളിച്ച് പറയുകയായിരുന്നു. ഇതിന് പിന്നാലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഈ ആംബുലന്‍സിന്റെ ഫോട്ടോയും സന്ദേശവും വെച്ച് പോലീസ്, ആര്‍ടിഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.
പോലീസ് ഇടപെട്ടതോടെ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഡ്രൈവര്‍ തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു. അത്യാവശ്യമായി എറണാകുളത്തേക്ക്‌പോകേണ്ടത് കൊണ്ടാണ് ആംബുലന്‍സ് വിളിച്ചതെന്ന് സ്ത്രീകള്‍ പോലീസിനെ അറിയിച്ചു. ഇവരെ പിന്നീട് എറണാകുളത്തേക്കുള്ള ബസ്സില്‍ കയറ്റി വിട്ടു.












Click it and Unblock the Notifications