മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് 134.5 കോടി രൂപ അനുവദിച്ചു
കോഴിക്കോട്: മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് 134.5 കോടി രൂപ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവായതായി എ പ്രദീപ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നേരത്തേ തന്നെ മൂന്ന് ഗഡുക്കളായി 150 കോടി രൂപ അനുവദിച്ചിരുന്നു. ഇതോടെ ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ പദ്ധതിക്ക് ലഭിക്കാനുണ്ടായിരുന്ന അധിക തുകയായ 284.5 കോടിയും അനുവദിച്ചു കൊണ്ട് വാഗ്ദാനം പാലിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2008 ൽ വി എസ് സർക്കാറിൻ്റെ കാലത്ത് കോഴിക്കോടിന് അനുവദിച്ച 'നഗര പാതാ വികസന പദ്ധതി'യിൽ പെട്ട 7 റോഡുകളിൽ ഒന്നായിരുന്നു മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ്. ഇതിനായി 52 കോടി രൂപയാണ് അന്ന് വകയിരുത്തിയത് [GO (Rt) No.1523/2008/PWD] പദ്ധതിയിലെ 6 റോഡുകളും ഭൂമി ഏറ്റെടുത്ത് നിർമാണം പൂർത്തിയായെങ്കിലും മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിൻ്റെ അക്വിസിഷൻ നടപടികൾ നീണ്ടു പോയതു കാരണം അധിക തുക ആവശ്യമായി വന്നു. ഇതിനായി ഉമ്മൻ ചാണ്ടി സർക്കാറിന് പ്രൊപ്പോസൽ സമർപ്പിച്ചെങ്കിലും 5 വർഷം കൊണ്ട് മൂന്ന് ഗഡുക്കളായി 60 കോടി രൂപ മാത്രമേ ലഭ്യമായുള്ളൂ [GO (Rt) No.344/2015/PWD തിയ്യതി 4-3 - 15 പ്രകാരം 25 കോടി രൂപ, GO (Rt) No.880/2015/PWD തിയ്യതി 26-6 - 15 പ്രകാരം 10 കോടി രൂപ,GO (Rt) No.1503/2015/PWD തിയ്യതി 1-10 - 15 പ്രകാരം 25 കോടി രൂപ]
2016ൽ പിണറായി സർക്കാർ വന്ന ശേഷം ബാക്കി ആവശ്യമായ മുഴുവൻ തുകയ്ക്കുമുള്ള പ്രൊപ്പോസൽ സമർപ്പിച്ചു.
ഇത് പ്രകാരം ആദ്യം 50 കോടി രൂപ അനുവദിക്കുകയും[GO (Rt) No.5560/19/PWD Fin തിയ്യതി 15-7-2019] ബാക്കി മുഴുവൻ തുകയ്ക്കും പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെടുകയും ചെയ്തു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനും റോഡ് വികസനത്തിനും അധികമായി വേണമെന്ന് തിട്ടപ്പെടുത്തിയ 234.5 കോടി രൂപയ്ക്കും ഭരണാനുമതി സർക്കാർ നൽകുകയും പ്രസ്തുത തുക ഈ സർക്കാറിൻ്റെ കാലയളവിൽത്തന്നെ 3 ഗഡുക്കളായി ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തെന്നും എംഎല്‍എ വ്യക്തമാക്കുന്നു.
ആ വ്യവസ്ഥ പ്രകാരം 21-8-2020ലെ GO (Rt) No.688/2020 /Fin പ്രകാരം 50 കോടിയും 11-1- 2021 ലെ GO (Rt) No. 264/21/Fin പ്രകാരം 50 കോടി രൂപയും അനുവദിച്ചു.മൂന്നാമത്തെ ഗഡുവായ 134.5 കോടി രൂപ കൂടി ഇപ്പോൾ അനുവദിച്ച് ഉത്തരവായിരിക്കുന്നു. മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് വികസനത്തിനായി ആവശ്യപ്പെട്ട മുഴുവൻ തുകയും അനുവദിച്ചു കൊണ്ട് വാഗ്ദാനം പാലിച്ച സംസ്ഥാന സർക്കാറിനോടും ഇക്കാര്യത്തിൽ പ്രത്യേക താല്പര്യമെടുത്തു സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ മന്ത്രി ഡോ.ടി എം തോമസ് ഐസക്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ എന്നിവരോട് നന്ദി രേഖപ്പെടുത്തുന്നു. ഈ വിഷയം സമൂഹത്തിൽ സജീവമായി നിലനിർത്താൻ ഇടപെട്ട ഡോ. എം ജി എസ് നാരായണൻ ഉൾപ്പെടെ ഈ പദ്ധതിയ്ക്കായുള്ള പരിശ്രമങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതായും പ്രദീപ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.