ലീഗിനെ മുന്നില്‍ നിര്‍ത്തി ജോസഫിന് കോണ്‍ഗ്രസിന്‍റെ ചെക്ക്; അപു ജോണ്‍ തിരുവമ്പാടിക്കില്ല
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം. പാര്‍ട്ടി പിളര്‍ന്നെങ്കിലും കഴിഞ്ഞ തവണ യുഡിഎഫിന്‍റെ ഭാഗമായി മത്സരിച്ച 15 സീറ്റുകളും കിട്ടണമെന്നാണ് ജോസഫിന്‍റെ ആവശ്യം. സീറ്റുകള്‍ വെച്ച് മാറാന്‍ തയ്യാറാണെങ്കിലും വിജയ സാധ്യത മാത്രം പരിഗണിച്ചാവും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ മകന്‍ അപു ജോണ്‍ മത്സര രംഗത്തേക്ക് ഇറങ്ങുന്നതിനെ കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു.

അപു ജോണ്‍ ജോസഫ്
മകന്‍ അപു ജോണ്‍ ജോസഫ് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്തായാലും മത്സരിക്കാന്‍ ഉണ്ടാവില്ലെന്നാണ് പിജെ ജോസഫ് പറയുന്നത്. പാര്‍ട്ടിക് അകത്ത് കുറച്ച് കൂടെ മത്സരിച്ച് വരട്ടെയെന്നും മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പിജെ ജോസഫ് പറയുന്നു.
സോഷ്യല്‍ വര്‍ക്കിലാണ് മകന്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാവകാശം വേണം
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നതായി തോന്നിയിട്ടില്ല. അതേ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നുമാണ് പിജെ ജോസഫ് വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മറ്റി അംഗമാണെങ്കിലും തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നതില്‍ അല്‍പം കൂടി സാവകാശം വേണമെന്നാണ് എനിക്ക് പറയാനുള്ളത്. നിലവില്‍ എന്തായാലും അതേ കുറിച്ച് ചര്‍ച്ചകള്‍ നടന്നില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

തിരുവമ്പാടിയില്‍ മത്സരിക്കണം
നിയമസഭാ തിരഞ്ഞെടുപ്പോടെ മകന്‍ അപു ജോണ്‍ ജോസഫിനെ പിജെ ജോസഫ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സീറ്റില്‍ നിന്നും അപു ജോണ്‍ മത്സരിക്കുമെന്നായിരുന്നു ജോസഫ് വിഭാഗം പരസ്യമായി വ്യക്തമാക്കിയത്. അപു തിരുവമ്പാടിയില്‍ മത്സരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരമെന്നും പി ജെ ജോസഫിനോട് മലബാറിലെ ജില്ലാ കമ്മിറ്റികള്‍ ഇക്കാര്യം ഒറ്റക്കെട്ടായി ആവശ്യപ്പെടുമെന്നും പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ പിഎം ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു.

മുന്നണിക്ക് പുത്തന്‍ ഉണര്‍വേകും
അപു ജോണ്‍ മത്സരത്തിന് ഇറങ്ങിയാല്‍ അത് ജില്ലയില്‍ മുന്നണിക്ക് പുത്തന്‍ ഉണര്‍വേകുമെന്നും കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാന‍് സാധിക്കുമെന്നും പിഎം ജോര്‍ജ് പറഞ്ഞിരുന്നു. യുഡിഎഫില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന മണ്ഡലമാണ് തിരുവമ്പാടി. ഇത് ഏറ്റെടുത്ത് സീറ്റ് പകരം കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം മത്സരിച്ച പേരാമ്പ്ര വിട്ടു നല്‍കാനായിരുന്നു ജോസഫിന്‍റെ നീക്കം.

എതിര്‍ത്ത് ലീഗ്
എന്നാല്‍ ജോസഫിന്‍റെ ഈ നീക്കത്തോടെ ലീഗ് അനുകൂലമായി പ്രതികരിച്ചില്ല. തിരുവമ്പാടി സീറ്റ് ജോസഫിനായി വിട്ട് നല്‍കാന്‍ കഴിയില്ലെന്നാണ് ജില്ലാ ലീഗ് നേതൃത്വത്തിന്‍റെ നിലപാട്. പേരാമ്പ്രയ്ക്ക് മുസ്ലിം ലീഗിന് താല്‍പര്യം ഉണ്ടെങ്കിലും വെച്ച് മാറാതെ തന്നെ അധികമായി ചോദിക്കാനാണ് തീരുമാനം. ജോസഫ് വിഭാഗത്തിന് കോഴിക്കോട് ജില്ലയില്‍ സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസിനും താല്‍പര്യമില്ല.

കളിച്ചത് കോണ്‍ഗ്രസോ
തിരുവമ്പാടി സീറ്റിലെ വെച്ചു മാറ്റത്തിന് ലീഗ് ആദ്യം താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കേരള കോണ്‍ഗ്രസിന് നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ ലീഗും കോണ്‍ഗ്രസും എത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ ലീഗിനെ മുന്നില്‍ നിര്‍ത്തി പിജെ ജോസഫിനെ ജില്ലയില്‍ നിന്നും കോണ്‍ഗ്രസ് കളിച്ച കളിയാണ് ലീഗിന്‍റെ എതിര്‍പ്പിന് പിന്നിലെന്നും അണിയറ സംസാരമുണ്ട്.

തിരുവമ്പാടി മോഹം
ഏതായാലും ലീഗ് എതിര്‍പ്പ് ശക്തമാക്കിയതോടെ അപു ജോണ്‍ ജോസഫിന്‍റെ തിരുവമ്പാടി സീറ്റ് മോഹം പൊലിഞ്ഞു. മധ്യകേരളത്തില്‍ മകന് ഒരു സീറ്റ് കണ്ടെത്തുക എന്നത് പിജെ ജോസഫിന് മുന്നില്‍ സാധ്യമായ കാര്യമല്ല. യുഡിഎഫില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷയുള്ള സീറ്റുകള്‍ ലക്ഷ്യമിട്ട് നിരവധി നേതാക്കള്‍ ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. ഈ ഘടകങ്ങള്‍ എല്ലാം പരിഗണിച്ചതിലൂടെ അപു ജോണ്‍ ജോസഫിനെ മത്സരത്തിന് ഇറക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് ജോസഫ് എന്നാണ് സൂചന.

സീറ്റ് വിഭജന ചര്‍ച്ചകള്‍
സീറ്റ് വിഭജന ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം എന്നാണ് ആവശ്യം. ഫെബ്രുവരി ഒന്നിന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രയ്ക്ക് മുന്നോടിയായി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളുമായുള്ള ചര്‍ച്ചകളാണ് പ്രധാനം. ബാക്കിയുള്ളത് കോണ്‍ഗ്രസിന്‍റെ ആഭ്യന്തര പ്രശ്നങ്ങളാണ് അതെല്ലാം പെട്ടെന്ന് തന്നെ തീര്‍ക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജനതാ ദളിന്‍റെ 7 സീറ്റുകള്‍
കേരള കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടില്ല. എന്നാല്‍ ഉള്ള സീറ്റുകള്‍ കുറയക്കാന്‍ സമ്മതിക്കില്ല. കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളും വേണം. അത് ന്യായമായ ആവശ്യം ആണ്. അതേസമയം ജനതാ ദളിന്‍റെ 7 സീറ്റുകള്‍ ഉണ്ട്. അത് മുഴുവന്‍ കോണ്‍ഗ്രസിന് അവകാശപ്പെട്ടതല്ല. അതില്‍ നിന്ന് ഒന്നും കൂട്ടി 16 സീറ്റുകള്‍ അവകാശപ്പെടാമെന്നും പിജെ ജോസഫ് പറഞ്ഞു.

പിസി ജോര്‍ജ് സ്വതന്ത്രനാവട്ടെ
പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റും വിജയിച്ച മുന്നണിയാണ് യുഡിഎഫ്. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മികച്ച വിജയം ഉണ്ടാക്കാന്‍ സാധിക്കും. ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് ആവശ്യപ്പെടും. ഒപ്പം ഉമ്മന്‍ചാണ്ടിയും ഉണ്ടാവും. പിസി ജോര്‍ജിനെ കേരള കോണ്‍ഗ്രസില്‍ എടുക്കുന്നതില്‍ താല്‍പര്യമില്ല. വേണമെങ്കില്‍ പൂഞ്ഞാറില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കട്ടേയെന്നും പിജെ ജോസഫ് പറഞ്ഞു.