ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണം: 28 പേര്‍ക്കെതിരെ കേസ്, ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍
കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി 29 പേര്‍ക്കെതിരെയാണ് കേസെടുത്തത്. എസ്ഡിപിഐ-മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ബാലുശ്ശേരി പോലീസ് കേസെടുത്തത്. രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് എഫ്‌ഐആറില്‍ പറയുന്നു. അക്രമി സംഘം ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്‌ഐആറിലുണ്ട്. ഇന്ന് പുലര്‍ച്ച ഒരു മണിയോടെ ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കില്‍ ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ ആക്രമിക്കിക്കുന്നത്.

മുപ്പതോളം പേര്‍ ചേര്‍ന്നായിരുന്നു ആക്രമണം. എസ്ഡിപിഐയുടെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ജിഷ്ണുവിനെ ആക്രമിച്ചത്. ജിഷ്ണു തന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ജിഷ്ണുവിനെ സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇവന്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്ത് വിട്ടുവെന്നും, കഴുത്തില്‍ കത്തിവെച്ച് പറയിച്ചുള്ള വീഡിയോയും ചിത്രീകരിച്ചു. രണ്ട് മണിക്കൂറോളമാണ് ജിഷ്ണുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചത്. അതിന് ശേഷമായിരുന്നു പോലീസിന് കൈമാറിയത്.
മുഖത്തും കണ്ണിനുമെല്ലാം സാരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജിഷ്ണു നേരത്തെ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലെ സത്യാവസ്ഥ എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. രാത്രി പന്ത്രണ്ട് മുതല്‍ മൂന്നര വരെയാണ് എസ്ഡിപിഐ-ലീഗ് പ്രവര്‍ത്തകര്‍ തന്നെ മര്‍ദിച്ചതെന്ന് ജിഷ്ണു പറയുന്നു. സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടാന്‍ വേണ്ടി പോയതാണ്. അവിടെ എത്തി ബൈക്ക് നിര്‍ത്തിയപ്പോള്‍ മൂന്ന് പേര്‍ പാലൊളി മുക്കില്‍ നിന്ന് താഴേക്ക് വന്നു. എന്താ പരിപാടിയെന്ന് ചോദിച്ചു. ഫ്രണ്ടിനെ കാത്തുനില്‍ക്കുകയാണെന്ന് പറഞ്ഞു. അതിലൊരുത്തന്‍ പിന്നാലെ എന്റെ വണ്ടിയും കീ എടുത്ത് പോക്കറ്റിലിട്ടെന്നും ജിഷ്ണു വെളിപ്പെടുത്തി.
താഴേക്ക് വന്നാല്‍ ചാവി തരാമെന്നും പറഞ്ഞു. അവരുടെ കൂടെ പോയി. അങ്ങോട്ടേക്ക് പോയപ്പോള്‍ രണ്ട് പേര്‍ കൂടി ചാടിവീണു. രണ്ട് പേരുടെ പേരും അറിയാം. ഇവര്‍ അഞ്ച് പേരും ചേര്‍ന്നായിരുന്നു മര്‍ദനം. പാര്‍ട്ടി നേതാക്കളും ബ്രാഞ്ച് സെക്രട്ടറിയുമാണ് ഇവരുടെ കൊടി കീറിയതെന്ന് പറയണമെന്ന് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ വയലിലെ ചെളിയിലേക്ക് തല പിടിച്ച് താഴ്ത്തി. തുടര്‍ന്ന് കത്തി വെച്ച് നേതാക്കളുടെ പേര് പറയിപ്പിച്ചു. ചിലര്‍ എസ്ഡിപിഐ നേതാക്കളാണ്. തന്റെ കൈയ്യിലും കാലിനും തലയ്ക്കും കല്ലുകൊണ്ട് അടിച്ചു. പോലീസെത്തിയാണ് മോചിപ്പിച്ചതെന്നും ജിഷ്ണു പറഞ്ഞു.












Click it and Unblock the Notifications