മെഡിക്കല്‍ കോളേജ് സുരക്ഷ ജീവനക്കാർക്ക് ക്രൂരമർദ്ദനം: സ്ത്രീയുടെ കൈയില്‍ പിടിച്ചെന്ന് ആരോപണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാർക്കും മാധ്യമപ്രവർത്തകനും ക്രൂരമർദ്ദനം. സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം എന്നാവശ്യപ്പെട്ട് എത്തിയ യുവാവും സംഘവുമാണ് മർദ്ദിച്ചതെന്നാണ് പരാതി. ക്രൂരമായ മർദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അക്രമത്തില്‍ വിനേഷന്‍, ശ്രീലേഷ്, രവീന്ദ്ര പണിക്കർ എന്നീ മൂന്ന് സുരക്ഷ ജീവനക്കാർക്കും മാധ്യമം ലേഖകന്‍ ഷംസുദ്ദീനുമാണ് മർദ്ദനമേറ്റത്. സംഘം സുരക്ഷാ ജീവനക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകർത്താന്‍ ശ്രമിച്ചപ്പോഴാണ് ഷംസുദ്ദീന് മർദ്ദനമേറ്റത്. നാല് പേരും മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.
സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് എത്തിയ യുവാവിനേയും ഭാര്യയേയും സുരക്ഷാ ജീവനക്കാർ തടഞ്ഞിരുന്നു. തുടർന്ന് സുരക്ഷ ജീവനക്കാർ ഭാര്യയോട് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് യുവാവും സുരക്ഷ ജീവനക്കാരും തമ്മില്‍ തർക്കമുണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഒരു സംഘമെത്തി സുരക്ഷാ ജീവനക്കാരെ മർദ്ദിച്ചത്.

ജീവനക്കാരുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് വിശദമായ മൊഴിയെടുത്തു. അതേസമയം, സുരക്ഷാ ജീവനക്കാർ കൈയില്‍ കയറി പിടിച്ചെന്ന് ആരോപിച്ച് സത്രീയും പരാതി നല്‍കിയിട്ടുണ്ട്. രണ്ട് പരാതിയിലും മാധ്യമപ്രവർത്തകനെ മർദ്ദിച്ച സംഭവത്തിലും കേസ് എടുക്കുമെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications