ഹരിഹരൻ്റെ വീട് ആക്രമിച്ചതില്‍ ഒന്നാംപ്രതി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയെന്ന് വിഡി സതീശന്‍
കോഴിക്കോട്: ആർ എം പി നേതാവ് ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനാണെന്ന് പ്രതിപക്ഷ നോതാവ് വിഡി സതീശന്‍. പി മോഹനന്റെ പ്രസ്താവന ആക്രമണത്തിനുള്ള ആഹ്വാനമായിരുന്നു. ആർ എം പിയെ ഇല്ലാതാക്കാനുള്ള സി പി എം ശ്രമത്തെ ശക്തമായി പ്രതിരോധിക്കുമെന്നും വിഡി സതീശന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
'ആർ എം പി നേതാവ് കെ എസ് ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ഹരിഹരൻ്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തെറ്റാണെന്ന് യു ഡി എഫും ആർ എം പിയും വ്യക്തമാക്കിയതാണ്. പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന നിർദ്ദേശം ഹരിഹരൻ അംഗീകരിക്കുകയും ചെയ്തു. തെറ്റ് ബോധ്യപ്പെട്ട് മാപ്പ് പറഞ്ഞത് സ്വാഗതാർഹമാണ്.' - വിഡി സതീശന്‍ പ്രസ്താവനയില്‍ പറയുന്നു.

'മാപ്പ് പറയലിൽ തീരില്ല' എന്ന സി പി എം ജില്ലാസെക്രട്ടറി പി.മോഹനൻ്റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമാണ്. അതുകൊണ്ടു തന്നെ ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്. തെങ്ങിൻ പൂക്കുല പോലെ ടി പി ചന്ദ്രശേഖരൻ്റെ തലച്ചോറ് ചിതറിക്കുമെന്ന് പറയുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പാർട്ടിയാണ് സി പി എം. അതേ മാതൃകയിൽ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ സി പി എം ഇനിയും ശ്രമിക്കേണ്ട.
ആർ എം പിയുടെ ഉദയത്തോടെ വടകരയിൽ സി പി എമ്മിൻ്റെ അന്ത്യത്തിന് തുടക്കമായിരുന്നു. അതുകൊണ്ട് ടി പിയെ പോലെ ആർ എം പിയെയും ഇല്ലാതാക്കാനാണ് സി പി എം ശ്രമിക്കുന്നത്. അത്തരം നീക്കങ്ങളെ എന്ത് വില കൊടുത്തും യു ഡി എഫ് പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു കെകെ ശൈലജ ടീച്ചറേയും നടി മഞ്ജു വാര്യരേയും കെഎസ് ഹരിഹരന്‍ അപമാനിച്ചത്. വെള്ളിയാഴ്ച വടകരയിൽ യു ഡി എഫും ആർ എം പിയും സംഘടിപ്പിച്ച വർഗീയതയ്‍ക്കെതിരെയെന്ന ക്യാമ്പയിനിലാണ് കെ എസ് ഹരിഹരൻ വിവാദ പരാമർശം നടത്തിയത്. "ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ. മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയാൽ അത് കേട്ടാൽ മനസിലാവും." എന്നായിരുന്നു ഹരിഹരന്റെ പ്രസ്താവന.
സംഭവത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ പരാതിയില്‍ പൊലീസ് ഹരിഹരനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപമുണ്ടാക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.












Click it and Unblock the Notifications