തെരുവില്‍ ജീവിക്കുന്ന സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമം, ഭര്‍ത്താവിനെയും ആക്രമിച്ചു; കേസ് ഒത്തുതീര്‍പ്പാക്കി
പയ്യോളി: ടൗണില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളും ചാക്കും ശേഖരിച്ചു ജീവിക്കുന്ന യുവതിയെ രാത്രിയില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപണം. ഇത് ചെറുക്കാനെത്തിയ ഭര്‍ത്താവിനു നേരെ ആക്രമണവും ഉണ്ടായി. മുഖത്ത് ഇഷ്ടികകൊണ്ടുള്ള അടിയേറ്റ് ഭര്‍ത്താവിന്റെ രണ്ടു പല്ലുകള്‍ ഇളകി. രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടിച്ചെങ്കിലും കേസ് ഒത്തുതീര്‍പ്പാക്കി വിട്ടു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണു സംഭവം. ബസ് സ്റ്റാന്‍ഡിനു പുറകിലേക്കു പോയ യുവതിയെ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ചതായാണ് ആരോപണം. യുവതിയുടെ ശബ്ദംകേട്ട് ഭര്‍ത്താവ് ഓടിയെത്തി. അക്രമി ഇഷ്ടിക കൊണ്ട് ഭര്‍ത്താവിന്റെ മുഖത്തടിച്ചു. ഇടിയേറ്റ് അയാള്‍ വീണപ്പോള്‍ സമീപത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ മറിഞ്ഞ് അതിനടിയിലായി.

ചോരയൊലിക്കുന്ന മുഖവുമായാണ് ഇദ്ദേഹം സ്‌റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ ബീച്ച് പ്രദേശത്തെ യുവാവിനെ പിടികൂടി. എന്നാല്‍, കേസില്ലാതെ ഒത്തുതീര്‍പ്പാക്കാന്‍ ഭര്‍ത്താവ് തയ്യാറാവുകയായിരുന്നു. 10,000 രൂപ നല്‍കി പ്രശ്‌നം തീര്‍ക്കാന്‍ പ്രതി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം വഴങ്ങി. കേസെടുക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും പരാതി നല്‍കാന്‍ അവര്‍ക്ക് ഒട്ടും താല്‍പ്പര്യമുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ആന്ധ്രക്കാരനാണ്. ഇവര്‍ക്കു 14 വയസുള്ള മകനുണ്ട്. നാലു വര്‍ഷമായി ഇവര്‍ പയ്യോളില്‍ എത്തിയിട്ട്. നേരത്തെ രണ്ടു തവണ ഇവര്‍ക്കെതിരെ മാനഭംഗ ശ്രമമുണ്ടായിരുന്നു.












Click it and Unblock the Notifications