നവകേരള ബസിന് നേരെ ചീമുട്ടയെറിയാൻ ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
കോഴിക്കോട്: നവകേരള ബസിന് നേരെ ചീമുട്ടയെറിയാന്‍ ശ്രമിച്ചയാൾ പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റിനെയാണ് കസ്റ്റഡിയിലെടുത്തത്.ബസ് കൊയിലാണ്ടിയില്‍ നിന്ന് ബാലുശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
അതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന പ്രഭാത യോഗത്തിനും വാര്‍ത്താസമ്മേളനത്തിനും ശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ മുഖ്യമന്ത്രിക്ക് നേരെയായിരുന്നു പ്രതിഷേധം.

നേരത്തേ കണ്ണൂരിൽ വെച്ചും ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. പഴയങ്ങാടിയിൽ വെച്ചായിരുന്നു സംഭവം. പ്രതിഷേധിച്ച നേതാക്കളെ ഡി വൈ എഫ് ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. എന്നാൽ പ്രവർത്തകരെ ന്യായീകരിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. ഡി വൈ എഫ് ഐയുടേത് ജീവൻരക്ഷാ നടപടിയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷയാണ് ബസ് കടന്നുവരുന്ന റോഡുകളിൾ പോലീസ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ പോലീസുകാരേയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.കോഴിക്കോട് സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളിലാണ് ശനിയാഴ്ച നവകേരള സദസ്. എലത്തൂര്‍ മണ്ഡലത്തിലെ നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ സദസിന് ശേഷം കോഴിക്കോട് ജില്ലയിലെ പരിപാടികൾ അവസാനിക്കും.
നവകേരള സദസ്സിലേക്ക് ആളുകളെ എത്തിക്കാൻ വീണ്ടും സ്കൂൾ ബസ്
കോഴിക്കോട്: ഹൈക്കോടതിയുടെ ഉത്തരവ് തള്ളി നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസുകൾ ഉപയോഗിച്ചു. കോഴിക്കോട്ടും ബാലുശ്ശേരിയിലുമാണ് പരിപാടിയിലേക്ക് സ്‌കൂള്‍ ബസില്‍ ആളുകളെ എത്തിച്ചത്.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിൽ നിന്നായി നാല് ബസുകളാണ് ഉപയോഗിച്ചത്. ഹൈക്കോടതി ഉത്തരവ് നിലനിൽക്കേയാണ് നടപടി. പരിപാടിക്കായി സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കടുത്ത വിമർശനമാണ് കോടതി ഉയർത്തിയത്.
വിദ്യാര്‍ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും കരിക്കുലത്തിനു പുറത്തുള്ള കാര്യങ്ങളില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.വിദ്യാര്‍ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കുന്നതിന് എതിരായ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ഹൈക്കോടതി വടിയെടുത്തതോടെ നവകേരള സദസില്‍ ഇനി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്നും കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications