ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: ഹരിചരണും തേജ് പർവീനും കലാപരിപാടികള്‍ അവതരിപ്പിക്കും
കോഴിക്കോട്: സാഹസിക ജല കായിക മത്സരങ്ങൾക്കൊപ്പം കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ. ഡിസംബർ 26 മുതൽ 29 വരെ നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ചാണ് കലാ പരിപാടികൾ സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രഗത്ഭ ഗായകർക്കൊപ്പം മികച്ച ബാന്റുകളും ബേപ്പൂരിൽ സംഗീതമഴ പൊഴിക്കാനെത്തും. വയലി ബാംബൂ മ്യൂസിക്, തേക്കിൻകാട് ബാന്റ്, അബ്രാകഡബ്ര, ഹണി ഡ്രോപ്പ് എന്നിവയാണ് ബേപ്പൂരിലെത്തുന്ന പ്രമുഖ ബാന്റുകൾ.
കേരളത്തിൽ അങ്ങോളമിങ്ങോളം സംഗീതാസ്വാദകരുടെ മനംകവർന്ന കലാപ്രകടനങ്ങൾ ബേപ്പൂരിലെത്തുന്നവർക്ക് പുത്തനനുഭവമാകും. ബേപ്പൂർ, ചാലിയം, നല്ലൂർ, കോഴിക്കോട് ബീച്ച് കൾച്ചറൽ സ്റ്റേജ് എന്നിവിടങ്ങളിൽ വെെകുന്നേരം മുതൽ രാത്രിവരെയാണ് പരിപാടികൾ അരങ്ങേറുക.

26ന് വൈകുന്നേരം 6 മണിക്ക് ബേപ്പൂർ ബീച്ചിലാണ് ഉദ്ഘാടന ചടങ്ങ്. തുടർന്ന് ചലച്ചിത്രപിന്നണി ഗായകനും കർണാടക സംഗീതജ്ഞനുമായ
ഹരിചരണിന്റെ സംഗീത പരിപാടി അരങ്ങേറും. ചാലിയം ബീച്ചിൽ ആവേശത്തിരയുയർത്താൻ എ.ആർ റഹ്മാൻ ഹിറ്റ്സുമായി തേജ് മെർവിനും അൻവർ സാദത്തും എത്തും. നല്ലൂരിൽ വയലി ബാംബൂ മ്യൂസിക് അരങ്ങേറും. മുള ഉപകരണങ്ങൾ കൊണ്ട് മുളസംഗീതത്തിന്റെ ശ്രവ്യാനുഭവമാണ് കാണികൾക്ക് വയലി ബാംബൂ മ്യൂസിക് സമ്മാനിക്കുക.
ഡിസംബർ 27ന് യുവ പിന്നണി ഗായകരായ സിദ്ധാർത്ഥ് മേനോൻ, നിത്യ മാമൻ എന്നിവരുടെ സംഗീത പരിപാടി ബേപ്പൂരിലും നിഷാദ്, മൃദുല വാരിയർ തുടങ്ങിയവർ പങ്കെടുക്കുന്ന സംഗീത പരിപാടി ചാലിയത്തും നടക്കും. താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും.
28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത പിന്നണി ഗായകനായ ഉണ്ണിമേനോൻ അവതരിപ്പിക്കുന്ന ഉണ്ണിമേനോൻ ഷോ നടക്കും. ചാലിയത്ത് അഫ്സൽ ഷോയും കോഴിക്കോട് ബീച്ചിലെ കൾച്ചറൽ സ്റ്റേജിൽ റാഫി- മുകേഷ് നൈറ്റും അരങ്ങേറും. നല്ലൂരിൽ ഹണി ഡ്രോപ്പ് ബാൻഡ് ഷോ, പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ എന്നിവയും നടക്കും.
ഡിസംബർ 29 ന് ബേപ്പൂരിൽ സച്ചിൻ വാര്യർ, ആര്യ ദയാൽ ബാന്റിന്റെ സംഗീത പരിപാടിയും നല്ലൂരിൽ അബ്രാകഡബ്ര ഷോയും ചാലിയത്ത് സമീർ ബിൻസി ഖവാലിയുടെ സംഗീത വിരുന്നും നടക്കും.
അതേസമയം, ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് പ്രചാരണത്തിൻ്റെ ഭാഗമായി കായിക പ്രേമികൾക്കായി കബഡി മത്സരം സംഘടിപ്പിക്കും. ഡിസംബർ 20 ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ബീച്ചിലാണ് കബഡി മത്സരം അരങ്ങേറുക. പുരുഷ-വനിതാ വിഭാഗങ്ങളിലായി നാലു വീതം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
ഗജമുഖ കണ്ണഞ്ചേരി, തലക്കുളത്തൂർ വീർമാരുതി, ആഞ്ജനേയ, എൻ.എസ്.എ മുക്കം എന്നിവരാണ് വനിതാ ടീമുകൾ. ഗജമുഖ കണ്ണഞ്ചേരി, കുരുക്ഷേത്ര വെണ്ണക്കോട്, സാൻഡ് ഗ്രൗണ്ട് നടുവട്ടം, അശ്വമേധ എന്നിവരാണ് പുരുഷ ടീമുകൾ. രണ്ട് മത്സരങ്ങളിലെയും വിജയികൾക്ക് ഒന്നാം സമ്മാനം 8000 രൂപയും രണ്ടാം സമ്മാനം 4000 രൂപയും വീതം നൽകും.
21ന് വൈകിട്ട് അഞ്ചിന് സെപക് തക്രോ മത്സരവും 23 ന് ഫുട്ബോൾ മത്സരവും നടക്കും. ഫെസ്റ്റിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി ഡിസംബർ 23ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ച 12 വരെ ബേപ്പൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ചിത്രരചന മത്സരവും സംഘടിപ്പിക്കും. 24ന് രാവിലെ 6.30ന് കോഴിക്കോട് ബീച്ച് മുതല്‍ ബേപ്പൂര്‍ വരെ മിനി മാരത്തോണും സംഘടിപ്പിക്കുന്നുണ്ട്. വിജയികൾക്ക് ഒന്നാം സമ്മാനം 7000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയുമാണ്. കൂടാതെ പ്രോത്സാഹന സമ്മാനമായി അഞ്ച് പേര്‍ക്ക് 1000 രൂപ വീതവും നല്‍കും.
ഫെസ്റ്റിനോടുബന്ധിച്ച് ബേപ്പൂരിലും കോഴിക്കോടും ആകർഷകമായ ദീപാലങ്കാരവും ഒരുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ഘോഷയാത്രയും അരങ്ങേറും. പരിപാടികൾ വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.












Click it and Unblock the Notifications