കോഴിക്കോട് പക്ഷിപ്പനി സംശയം; നിരീക്ഷണം ശക്തമാക്കി, ഭോപ്പാല്‍ ലാബിലെ പരിശോധനഫലം ഇന്ന് ലഭിക്കും
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സംശയിക്കുന്നതായി റിപ്പോര്‍ട്ട്. കൂരാച്ചുകണ്ടില്‍ നിന്ന് പക്ഷിപ്പനി ബാധ സംശയിക്കുന്ന ഫാമില്‍ നിന്നയച്ച സാമ്പിള്‍ പരിശോധന ഫലം ഇന്ന് ലഭിക്കും. ഇവിടത്തെ സ്വകാര്യ ഫാമില്‍ നിന്ന് കോഴികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇത് പക്ഷിപ്പനി കാരണമാണോ എന്ന് സ്ഥിരീകരിക്കാനാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതെന്ന് കൂരാച്ചുകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

കോഴികള്‍ ചത്തത് പക്ഷിപ്പനി കാരണമാണെന്ന് തിരുവനന്തപുരത്ത് നിന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഭോപ്പാല്‍ ലാബിലേക്ക് അയച്ച സാമ്പിള്‍ ഫലം വന്നാല്‍ മാത്രമേ രോഗം പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.
അതേസമയം, ഫാമിന് സമീപത്തുള്ള പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ മേഖലകളിലെ മറ്റ് പക്ഷികളെ നിരീക്ഷിക്കുമെന്ന് കൂരാച്ചുകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. രോഗബാധിതരായ പക്ഷികളെ നശിപ്പിക്കുകയാണ് നിലവില്‍ മുന്നിലുള്ള വഴി. ഇന്ത്യയില്‍ മറ്റ് ചില സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ ഹരിയാനയില്‍ രോഗം ബാധിച്ച് 12കാരന്‍ മരണപ്പെട്ടിരുന്നു. ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. കുട്ടിക്ക് ന്യൂമോണിയ, ലുക്കീമിയ എന്നീ രോഗങ്ങള്‍കൂടി ബാധിച്ചിരുന്നു.
രാജ്യത്ത് ആദ്യമായാണ് മനുഷ്യരില്‍ എച്ച് 5 എന്‍ 1 സ്ഥിരീകരിക്കുന്നത്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷികളില്‍ ശ്വാസകോശ അണുബാധയുണ്ടാക്കുന്ന രോഗമാണ് പക്ഷിപ്പനി.












Click it and Unblock the Notifications