ബിജെപിയിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞുകയറിയോയെന്ന് സംശയം; ഞങ്ങള്‍ക്ക് ഇപ്പോള്‍ പേടിയുണ്ടെന്ന് സുരേന്ദ്രന്‍
കോഴിക്കോട്: കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞുകയറിയിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ബി ജെ പിയിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞുകയറിയോ എന്ന പേടിയുണ്ട്. അത് തുറന്നുപറയാന്‍ എനിക്ക് മടിയില്ലെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ബി ജെ പി സംഘടിപ്പിച്ച ജനകീയ പ്രതിരോധം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പാര്‍ട്ടികളിലേക്കും പോപ്പുലര്‍ ഫ്രണ്ട് ആളുകളെ റിക്രൂട്ട് ചെയ്യുകയാണ്. പോപ്പുലര്‍ ഫ്രണ്ട് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് നുഴഞ്ഞുകയറിയിരിക്കുകയാണ്. എം കെ മുനീര്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞു, എല്ലാ മതേതര പാര്‍ട്ടികളിലും എന്‍ ഡി എഫ് നുഴഞ്ഞുകയറിയിരിക്കുകയാണ്. അന്ന് എന്‍ ഡി എഫ് ആയിരുന്നു. ഇന്ന് നിങ്ങള്‍ നോക്കൂ, ബി ജെ പി ഒഴിച്ച് എല്ലാ പാര്‍ട്ടികളിലും നുഴഞ്ഞുകയറി. ഇപ്പോള്‍ ഞങ്ങള്‍ക്കും പേടിയുണ്ട്. എനിക്ക് അത് തുറന്നു പറയാന്‍ പേടിയില്ല- സുരേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള ജനകീയ പ്രതിരോധം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിന് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. കൊവിഡ് ലംഘിച്ച് നടത്തിയ സമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാല്‍ അറിയുന്ന 1500 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയിലും സുരേന്ദ്രന്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. രാജ്യം മുഴുവന്‍ നടക്കുന്ന മതഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം കേരളത്തിലാണെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ജോസഫ് മാഷിന്റെ കൈവെട്ടിയ മതതീവ്രവാദത്തിനെതിരെ സംഘപരിവാറല്ലാതെ ആരെങ്കിലും പ്രതികരിച്ചോ? കമ്മ്യൂണിസ്റ്റുകാര്‍ ആദ്യം ചെയ്തത് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ കൊണ്ട് ചെയ്യിപ്പിക്കുകയാണ് അവരെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു,
നാളെ പാല് കൊടുത്ത കൈക്ക് തന്നെ പോപ്പുലര്‍ ഫ്രണ്ട് കൊത്തും. വിവാഹപ്രായം 21 വയസാക്കിയതിനെ ആദ്യം എതിര്‍ത്തത് സിപിഎമ്മാണ്. കൊവിഡ് അള്ളാഹുവിന്റെ ശിക്ഷയാണെന്നാണ് സിപിഎം നേതാവ് ടികെ ഹംസ പറയുന്നത്. ഇത് എന്തൊരു പാര്‍ട്ടിയാണെന്ന് മനസിലാകുന്നില്ല. മുസ്ലിംങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കി ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കുകയാണ് കേരളത്തിലെ പ്രധാന രാഷ്ട്രീയ പ്രവര്‍ത്തനം. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരതയ്‌ക്കെതിരെ മുസ്ലിം സംഘടനകള്‍ പ്രതികരിക്കാത്തത് ആശങ്കാജനകമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു .












Click it and Unblock the Notifications