നാദാപുരം എംഇടി കോളേജില്‍ ക്രൂരമായ റാഗിങ്: ഒന്നാം വർഷ വിദ്യാർത്ഥിയുടെ കർണപുടം തകർന്നു
കോഴിക്കോട്: നാദാപുരം എം ഇ ടി കോളേജില്‍ ഒന്നാം വർഷ വിദ്യാർത്ഥികള്‍ക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിങ്. മർദ്ദനത്തില്‍ വിദ്യാർത്ഥിയുടെ കർണപുടം തകർന്നു. ഒന്നാം വർഷ ബി കോം വിദ്യാർഥി അയിച്ചോത്ത് നിഹാൽ ഹമീദിനാണ് ക്രൂരമായ മർദ്ദനം നേരിടേണ്ടി വന്നത്. മറ്റൊരു ബികോം ഒന്നാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് റാദി, ബി സി എ വിദ്യാർഥി സലാഹുദ്ദീൻ എന്നിവർക്കും മർദ്ദനത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. നിഹാലിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മർദ്ദനത്തിനിരയായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് പൊലീസിലും കോലേജ് അധികൃതർക്ക് പരാതി നല്‍കിയത്. കോളജിലെ ആന്റി റാഗിങ് വിരുദ്ധ സമിതി യോഗംചേരുകയും റാഗിങ് നടന്ന വിവരം സ്ഥിരീകരിച്ചെങ്കിലും പൊലീസിൽ ആവശ്യമായ രേഖകൾ നൽകാതെ നടപടി വൈകിപ്പിക്കുകയാണെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

ഒറിജിനൽ റിപ്പോർട്ട് നൽകാതെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നല്‍കിയിരുന്നത്. ഇതേ തുടർന്ന് റിപ്പോർട്ട് പൊലീസ് കോളേജിലേക്ക് തിരികെ അയക്കുകയും ചെയ്തു. പതിനഞ്ചോളം പേർ റാഗിങ് സംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പരിക്കേറ്റ വിദ്യാർത്ഥികള്‍ നല്‍കുന്ന വവരം. ഇതാദ്യമായല്ല എം ഇ ടി കോളേജില്‍ റാഗിങ് പരാതി ഉയർന്ന് വരുന്നത്. നേരത്തേയും ഇത്തരം പരാതികള്‍ ഉയർന്നിരുന്നെങ്കിലും മധ്യസ്ഥശ്രമത്തിലൂടെ ഒത്തുതീർക്കുകയായിരുന്നു.












Click it and Unblock the Notifications