നിഖാബ്: മുസ്ലിം സ്ത്രീകള്‍ വീണ്ടും ചര്‍ച്ചകളില്‍, മുഖംമറക്കുന്നത് സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്ന്!
കോഴിക്കോട്: മുഖംമൂടുന്ന വസ്ത്രത്തിനു പിറകില്‍ കേരളത്തിലെ മുസ്ലിം സ്ത്രീ വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടുന്നു. ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തിനു പിന്നാലെ അവിടെ താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ നിഖാബ് (മുഖംമൂടി) നിരോധനത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും ചര്‍ച്ച കൊഴുക്കുന്നത്. മുഖംമൂടികള്‍ കേരളത്തിലും വ്യാപകമാവുന്നുവെന്നും ഇതു നമ്മുടെ സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്നും കാണിച്ച് മുസ്ലിം അക്കൗണ്ടുകളില്‍നിന്നു തന്നെയാണ് വ്യാപകമായി പോസ്റ്റുകള്‍ വന്നു തുടങ്ങിയത്. ഇതിനു പിന്നാലെ വസ്ത്രം വ്യക്തികളുടെ സ്വാതന്ത്ര്യം എന്ന പേരില്‍ പ്രതിരോധങ്ങളും അങ്ങിങ്ങ് ഉയരുന്നു. വിവധ സംഘടനകളും വിഷയത്തില്‍ ഇടപെട്ടതോടെ ചര്‍ച്ച വളരെ വേഗം ചൂടുപിടിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.
എംഇഎസ് സ്ഥാപനങ്ങളില്‍ നിഖാബ് വിലക്കിക്കൊണ്ട് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. നിഖാബ് ഇസ്ലാമിക സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും 99 ശതമാനം മുസ്ലിംകള്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു. എന്നാല്‍, സ്ഥാപനത്തിന്റെ കാര്യത്തില്‍ അദ്ദേഹം പരമാധികാരി ആയിരിക്കാമെന്നും മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും ആയിരുന്നു സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. അന്യപുരുഷന്‍മാരെ കാണുമ്പോള്‍ സ്ത്രീകള്‍ മുഖം മുറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍, നിഖാബ് ഇസ്ലാമിക വസ്ത്രമല്ലെന്നും അതുകൊണ്ടുതന്നെ എംഇഎസ് സര്‍ക്കുലറുമായി ബന്ധപ്പെട്ട വിഷയം മുസ്ലിം സംഘടനകള്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് മുജാഹിദ് മര്‍ക്കസുദ്ദഅവ വിഭാഗത്തിന്റെ നിലപാട്. മുഖവും മുന്‍കൈയും വെളിവാക്കുന്ന ഏതു വസ്ത്രവും മുസ്ലിം സ്ത്രീകള്‍ക്കു ധരിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ മുഖംമൂടി അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും അതു പിന്തുടരേണ്ട ബാധ്യത മുസ്ലിംകള്‍ക്ക് ഇല്ലെന്നും അവര്‍ പറയുന്നു.
ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരാവട്ടെ പല രൂപത്തിലാണ് വിഷയത്തോടു പ്രതികരിക്കുന്നത്. മുഖംമൂടല്‍ നിര്‍ബന്ധമല്ല. എന്നാല്‍, വസ്ത്രസ്വാതന്ത്ര്യം ഹനിക്കുന്ന നിലപാടിന് എംഇഎസ് കൂട്ടുനിന്നുവെന്നും ഈ ഫാസിസ്റ്റ് കാലത്ത് ഇതല്ല ചെയ്യേണ്ടതെന്നുമാണ് അവരില്‍ ചിലരുടെ നിലപാട്. ചിലര്‍ എംഇഎസ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.












Click it and Unblock the Notifications