മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഒടിച്ച് കയറ്റിയ ബസ് കസ്റ്റഡിയില്‍: ഡ്രൈവർക്കെതിരെ കേസ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിലേക്ക് സ്വകാര്യ ബസ് അലക്ഷ്യമായി ഓടിച്ചു കയറ്റി. കഴിഞ്ഞ ദിവസം വൈകീട്ട് കോഴിക്കോട് നഗരത്തിലെ കോട്ടൂളിയില്‍ വെച്ചാണ് സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് വഴി നരിക്കുനി - കോഴിക്കോട് റൂട്ടില്‍ സർവ്വീസ് നടത്തുന്ന കിനാവ് എന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ രാജേഷിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
അശ്രദ്ധമായും അപകടമായും വാഹനമോടിച്ചതിനാണ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാലസംഘത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. സ്റ്റോപ്പില്‍ നിർത്തിയിട്ടിരിക്കുകയായിരുന്ന ബസ് ഇതിനിടയില്‍ വാഹനവ്യൂഹം വരുന്നത് ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുമ്പിലുള്ള എസ്‌കോർട്ട് വാഹനം കടന്ന് പോയതിനിടയിലേക്ക് ബസ് കയറുകയായിരുന്നു.

ഇന്നലെ വൈകീട്ട് തന്നെ ബസ് ട്രാഫിക് പൊലീസ് കസ്റ്റഡയിലെടുത്തു. സുരക്ഷ വീഴ്ചയില്‍ പൊലീസ് അന്വേഷണം തുടങ്ങി. വിശദമായ റിപ്പോർട്ട് വന്നതിന് ശേഷമായിരിക്കും തുടർ നടപടികളുണ്ടാകുക. വാഹനം വ്യൂഹം വരുന്നത് ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് ബസ് ഡ്രൈവർ പറയുന്നത്.
അതേസമയം, നേരത്തെ തിരുവനന്തപുരം വാമനപുരത്ത് വെച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടിരുന്നു. റോഡിന്റെ ഇടതു വശത്തുനിന്നും വലതുവശത്തേക്ക് പോകാൻ സ്കൂട്ടർ യാത്രക്കാരി ശ്രമിച്ചതോടെ മുന്നില്‍ പോകുകയായിരുന്ന പൊലീസ് ജീപ്പ് ബ്രേക്കിടുകയായിരുന്നു. ഇതോടെ പിന്നാലെ വന്ന വാഹനങ്ങളും ഒന്നിന് പിറകെ ഒന്നിലായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കേറ്റില്ല.












Click it and Unblock the Notifications