കാലിക്കറ്റ് എയര്‍പോര്‍ട്ട് റണ്‍വേ വികസനം: 5% ചാര്‍ജ്ജ് ഒഴിവാക്കി, 73 കോടി അനുവദിച്ച് സർക്കാർ
കോഴിക്കോട്: കാലിക്കറ്റ് എയര്‍പോര്‍ട്ട് റണ്‍വെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള 5 ശതമാനം കണ്ടിന്‍ജന്‍സി ചാര്‍ജ്ജ് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി വി അബ്ദുറഹ്മാന്‍. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പിന് നല്‍കേണ്ടുന്ന ചാര്‍ജ്ജാണിത്. 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് കത്തയച്ചത്. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കി 2022 ഓഗസ്ത് 12 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനായി 73 കോടി രൂപ സംസ്ഥാനം അനുവദിക്കുകയും ചെയ്‌തു. കാലിക്കറ്റ് എയര്‍പോര്‍ട്ട് വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടികള്‍ അതിവേഗം നിര്‍വഹിച്ചു വരികയാണ്. ഈ പ്രവർത്തനങ്ങൾ വിലയിരുത്താൻ അടുത്തദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ റണ്‍വെയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന 7 ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമാണ് ഏറ്റെടുക്കുക. റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്‍ ഇ എസ് എ) വികസിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍, മാത്രമേ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി ലഭിക്കൂ.

ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷന്‍ നടത്തുന്നതിന് സംസ്ഥാനതല എംപാനല്‍ഡ് ഏജന്‍സികളില്‍ നിന്ന് പ്രൊപ്പോസല്‍ വാങ്ങാനും കലക്ടര്‍ക്കുള്ള കത്തില്‍ നിര്‍ദ്ദേശമുണ്ട്. ഏറ്റെടുക്കുന്ന ഭൂമി സര്‍ക്കാര്‍ സൗജന്യമായി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറും. ഭൂമി നിരപ്പാക്കുന്നതിന്റെയും മറ്റു പ്രവൃത്തികളുടെയും ചെലവ് എയര്‍പോര്‍ട്ട് അതോറിറ്റിയാണ് വഹിക്കേണ്ടത്. എയര്‍പോര്‍ട്ട് പരിധിയിലെ പ്രവൃത്തികള്‍ നിര്‍വഹിക്കാനുള്ള ചുമതല എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്
റണ്‍വെ വികസനത്തിന് കേന്ദ്ര വ്യോമമന്ത്രാലയം അനുമതി നല്‍കിയതിനു പിന്നാലെ, കഴിഞ്ഞ 4 മാസം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സജീവമായ ഇടപെടലാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നു. മലപ്പുറം ജില്ലയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നിരവധി യോഗങ്ങള്‍ ചേര്‍ന്നു. ഇതുവഴി ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സാധിച്ചു.
എയർപേർട്ട് വികസനത്തിന് തുരങ്കംവെക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ചില ശക്തികളുണ്ട്. അവർ എന്നും വികസനത്തിനും ജനനന്മയ്‌ക്കും എതിരായിരുന്നു. അവരുടെ ദുഷ്‌പ്രചാരണങ്ങൾക്കുള്ള മറുപടി ജനങ്ങൾ തന്നെ നൽകിക്കോളും. എല്ലാ വെല്ലുവിളികളും അതിജിവിച്ച് കാലിക്കറ്റ് എയർപോർട്ടിനെ ലോകോത്തരമായി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications